കോട്ടയം: നഗരമധ്യത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമം. ഇന്നലെ വൈകിട്ട് ഏഴോടെ ജനറൽ ആശുപത്രിക്ക് എതിർവശം എസ്.ബി.ഐയ്ക്ക് സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. ഇവിടെയുള്ള ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ഒരാൾ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന്, യുവതി ബഹളം വച്ചതോടെ സമീപത്തുള്ളവരും ആശുപത്രി എയ്ഡ് പോസ്റ്റ് ജീവനക്കാരും ഓടിയെത്തിയെങ്കിലും ആക്രമിക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടു. ഇതിനിടെ സംശയം തോന്നിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി വെസ്റ്റ് പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ ഇയാളല്ലെന്ന് കണ്ടെത്തിയതായി വെസ്റ്റ് എസ്.ഐ പറഞ്ഞു. കഴിഞ്ഞ ദിവസം പകൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീട്ടമ്മമാരെ കടന്നു പിടിച്ച സംഭവത്തിനു പിന്നാലെയാണ് ഇന്നലെയും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |