കടയ്ക്കാവൂർ: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരിയുടെ സ്വർണ ബ്രേസ്ലെറ്റ് മോഷ്ടിച്ചയാളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ രജിത്താണ് (33) പിടിയിലായത്. നിലയ്ക്കാമുക്ക് പാറയടി അപ്പൂപ്പൻ നടയ്ക്ക് സമീപം വൃന്ദാവനത്തിൽ അശ്വതിയുടെ മകളുടെ കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റാണ് പ്രതി മോഷ്ടിച്ചത്. അശ്വതിയുടെ വീട്ടിൽ ജോലിക്കെത്തിയ രജിത്ത് കുടിക്കാൻ വെള്ളം ചോദിച്ചതിനെ തുടർന്ന് വീട്ടുകാർ വെള്ളമെടുക്കാനായി പോയപ്പോൾ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയിൽ കിടന്ന ബ്രേസ്ലെറ്റ് മോഷ്ടിക്കുകയായിരുന്നു. ആറ്റിങ്ങലിലുള്ള ഒരു ജുവലറിയിൽ പ്രതി ബ്രേസ്ലെറ്റ് വിറ്റശേഷം തുകയുമായി ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ വെട്ടൂരിൽ നിന്ന് പ്രതിയെ പിടികൂടി. വർക്കല പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരിൽ വേറെയും കേസുകളുണ്ട്. എസ്.ഐമാരായ ദീപു, നസിമുദീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, എസ്.സി.പി.ഒ ജിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |