നെയ്യാറ്റിൻകര: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കൾ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. റസൽപുരം കരക്കാട്ടുവിള പുത്തൻവീട്ടിൽ പരേതനായ നെൽസന്റെയും നിർമലയുടെയും മകൻ കുട്ടൻ എന്ന ഷിജുവിന്റെ (38) മൃതദേഹമാണ് കഴിഞ്ഞ ദിവസം നെയ്യാറിലെ കന്നിപ്പുറം കടവിൽ കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് യുവാവിനെ കാണാതായതായി ബന്ധുക്കൾ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിന്റെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതായതിന്റെ പിറ്റേദിവസം ഷിജുവിന്റെ ബൈക്ക് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം കണ്ടെത്തിയിരുന്നു. മേസ്തിരിപ്പണിക്കാരനായ ഷിജു അവിവാഹിതനാണ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഫോട്ടോ: ഷിജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |