ആലപ്പുഴ: ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ വൃദ്ധയോടും മകനോടും മോശമായി പെരുമാറിയെന്ന പരാതിയിൽ ഹരിപ്പാട് സി.ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും. കമ്മീഷൻ അന്വേഷണ വിഭാഗം ഡി.ജി.പിക്കാണ് അംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം തൈക്കാട് സ്വദേശി പ്രകാശ് പി.കുറുപ്പ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2021 ആഗസ്റ്റ് 26നാണ് പരാതിക്കാരനും അമ്മയും സഹോദരിയും ഹരിപ്പാട് എസ്.എച്ച്.ഒയെ കാണാൻ സ്റ്റേഷനിൽ എത്തിയത്. പരാതിയെ തുടർന്ന് കമ്മീഷൻ ഹരിപ്പാട് എസ്.എച്ച്.ഒയിൽ നിന്നും വിശദീകരണം തേടി. പരാതിക്കാരന്റെ അമ്മയിൽ നിന്നുള്ള മൊഴി എസ് .എച്ച്.ഒ ഹാജരാക്കി. മൊഴി എസ്.എച്ച്.ഒക്ക് അനുകൂലമായിരുന്നു. തുടർന്ന് കമ്മീഷൻ കേസ് തള്ളി. എന്നാൽ അമ്മയുടെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പുനരന്വേഷണത്തിന് കമ്മീഷൻ ഉത്തരവ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |