മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയിലാണ് കരുവാരക്കുണ്ട് പൊലീസിന്റെ നടപടി. കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്താണ് യുവാവ് പ്രചരിപ്പിച്ചതെന്ന് നേരത്തെ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃതത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. ജനങ്ങളിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചതിനാണ് ജെറിനെതിരെ കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബർതോട്ടത്തിൽ വഴിയോട് ചേർന്നാണ് കടുവയെ കണ്ടതെന്നാണ് ജെറിൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ജെറിൻ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
കടുവയുടെ സമീപത്ത് നിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ മൂന്നുവർഷം മുൻപ് യൂട്യൂബിൽ വന്നതാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്. പഴയ വീഡിയോ ജെറിൻ ഇപ്പോൾ വീണ്ടും എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. ആദ്യം വാച്ചർമാരടക്കം ചോദിച്ചപ്പോൾ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |