താനൂര്‍: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഫാത്തിമയും അശ്വതിയും മുംബയില്‍ എത്തിയതായി സൂചന. ഇവര്‍ക്കൊപ്പം മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്.
ഇരുവരുടേയും ഫോണിലേക്ക് അവസാനം വന്ന കാള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ഇതിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടികള്‍ കോഴിക്കോടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും പൊലീസും ഇന്ന് മുഴുവന്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്, എന്നാല്‍ ഇതിന് ഫലമുണ്ടായില്ല.
അതേസമയം, എടവണ്ണ സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് വീട്ടുകാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇയാള്‍ മുംബയിലേക്ക് പോയി എന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് മുംബയ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.
ബുധനാഴ്ച ഉച്ചയോടെയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാര്‍ഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പെണ്‍കുട്ടികള്‍ ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |