മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥികളായ പെൺകുട്ടികൾ മുംബയിൽ എത്തിയതായി സ്ഥിരീകരിച്ച് പൊലീസ്. ഇവർക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. ഫാത്തിമ ഷഹദ (15), അശ്വതി (16) എന്നിവർ മുംബയിലെ പനവേലിൽ എത്തിയതായാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം എടവണ്ണ സ്വദേശിയായ അക്ബർ റഹീം എന്ന യുവാവും ഉണ്ടെന്നാണ് വിവരം.
പെൺകുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ടതെന്നാണ് അക്ബർ റഹിം പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസിലാക്കിയ റഹിം കോഴിക്കോട് റെയിൽവേ സ്റ്രേഷനിലെത്തി. റഹീമിനും മുംബയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു നൽകിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം നിലവിൽ ഇയാൾ മുംബയിൽ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ ട്രെയിൻ മാർഗമാണ് മുംബയിലേക്ക് പോയത്. കുട്ടികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ 11 മണിയോടെ പനവേൽ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് ട്രെയിൻ മാർഗം മുംബയ് സി.എസ്.ടിയിൽ എത്തിയെന്നാണ് വിവരം. കുട്ടികൾ പിന്നീട് മുംബയ് സി.എസ്.ടിയിൽ നിന്ന് ഇപ്പോൾ പനവേലിലേക്ക് പോയതായും സംശയമുണ്ട് . സമീപമുള്ള സലൂണിൽ പെൺകുട്ടികൾ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |