കൽപ്പറ്റ: യുകെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗറുടെ ഭർത്താവ് പിടിയിൽ. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ(51) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ അന്ന ഗ്രേസ് ഓസ്റ്റിൻ കേസിൽ പ്രതിയാണ്. യുവതി മുൻകൂർ ജാമ്യമെടുത്തിട്ടുണ്ടെന്നാണ് സൂചന. 2023 ഓഗസ്റ്റിനും 2024 മേയ് മാസത്തിനുമിടയിൽ 44,71,675 രൂപ സേവ്യറും അന്നയും കൂടി തട്ടിയെടുത്തെന്നാണ് പരാതി.
സോഷ്യൽ മീഡിയയിലൂടെയുള്ള ഇവരുടെ പരസ്യത്തിൽ വീണുപോയവരാണ് തട്ടിപ്പിനിരയായത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കിനൽകാമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിപ്പിക്കാമെന്നും ദമ്പതികൾ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
ഭർത്താവിന്റെ അറസ്റ്റിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അന്ന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഒരു വീഡിയോ ചെയ്തതിന്റെ ഭാഗമായിട്ടാണ് നിലവിലുള്ള കേസ്. പൊലീസ് വിളിച്ചപ്പോഴെല്ലാം സ്‌റ്റേഷനിൽ ഹാജരായിട്ടുണ്ട്. കേസുമായി ഭർത്താവിന് ബന്ധമില്ല. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ തുറന്നുപറയാനാകില്ല.'- അന്ന പറഞ്ഞു. എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |