കൊച്ചി: ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടി ഉജ്ജ്വല വിജയം. ലഭിച്ചത് 1,52,905.67 കോടിയുടെ നിക്ഷേപ വാഗ്ദാനം. ഇതിൽ 1,15,747 കോടി രൂപയുടെ ധാരണാ, താത്പര്യ പത്രം ഒപ്പിട്ടു. 374 കമ്പനികൾ നിക്ഷേപത്തിന് തയ്യാറായി. ഇതുവഴി ലക്ഷക്കണക്കിന് തൊഴിലവസരവും സൃഷ്ടിക്കപ്പെടും.
നിലവിലുള്ള 24 ഐ.ടി കമ്പനികൾ 8,500 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. 60,000 അധിക തൊഴിലവസരം ഇങ്ങനെയും ലഭിക്കും.
അദാനി ഗ്രൂപ്പിന്റെ 30,000 കോടി രൂപയുടെ പദ്ധതികളാണ് ലഭിച്ച ഏറ്റവും വലിയനിക്ഷേപം. കോഴിക്കോട്ടെ ഹൈലൈറ്റ് ഗ്രൂപ്പിന്റെ പതിനായിരം കോടിയാണ് രണ്ടാമത്തെ നിക്ഷേപം. ലുലു ഗ്രൂപ്പ് 5000 കോടിയുടെ നിക്ഷേപം ഇന്നലെ പ്രഖ്യാപിച്ചു.
രണ്ടുദിവസം നീണ്ട മീറ്റിൽ 54 കമ്പനികളാണ് നിക്ഷേപ രേഖയിൽ ഒപ്പിട്ടത്. തുടർ ചർച്ചകൾക്കുശേഷം മറ്റു കമ്പനികളുമായി ഒപ്പിടുമെന്ന് വ്യവസായവകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയശേഷം, ധാരണാപത്രം ഒപ്പിട്ട കമ്പനികളും സർക്കാരും തമ്മിൽ കരാറിലെത്തും.
വനിതാസംരംഭകർക്ക്
പിങ്ക് പാർക്ക്
വനിതാ സംരംഭകർക്കായി പിങ്ക് പാർക്ക് സർക്കാർ ആരംഭിക്കും. മൂന്നു വർഷത്തിലൊരിക്കൽ നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കും. യു.എ.ഇ സർക്കാരിന്റെ നേതൃത്വത്തിൽ 2026 ജൂലായിൽ ദുബായിൽ നിന്നുള്ള സംരംഭകരുടെ സമ്മേളനം കേരളത്തിൽ നടത്താനും ധാരണയായി. കേരളത്തിൽ നിക്ഷേപിക്കാൻ താത്പര്യമുള്ള ഒട്ടേറെ സംരംഭകരെ പ്രതീക്ഷിക്കുന്നു.
തുടർനടപടിക്ക്
ടാസ്‌ക് ഫോഴ്സ്
സ്ഥലം ലഭ്യമാക്കുന്നതിലെ നിയമപ്രശ്നങ്ങളും തടസങ്ങളും പരിഹരിക്കാൻ മന്ത്രിതല സമിതി
നിക്ഷേപകരുമായി തുടർ ചർച്ചകൾക്കായി പ്രത്യേക ടാസ്‌ക് ഫോഴ്സ്
മുൻഗണനാമേഖലകൾ തിരിച്ച് ഓരോന്നിനും നോഡൽ ഓഫീസർമാരെ നിയമിക്കും
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിശ്ചിത സമയ പരിധിയിൽ തുടർചർച്ചകൾ
പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ
സംരംഭകർക്ക് തുടർ നടപടികൾക്കായി ടോൾ ഫ്രീ നമ്പരും ഇ മെയിലും
ധാരണാപത്രം ഒപ്പിട്ട പ്രമുഖ
കമ്പനികൾ, തുക (കോടി)
അദാനി ഗ്രൂപ്പ്: ₹ 30,000
ഹൈലൈറ്റ് ഗ്രൂപ്പ്: ₹10,000
ലുലു ഗ്രൂപ്പ്: ₹ 5, 000
മൊണാർക്ക് സർവയേഴ്സ്: ₹ 5,000
ഷറഫ് ഗ്രൂപ്പ്, ദുബായ്: ₹ 5,000
ടോഫിൽ പത്തനംതിട്ട ഇൻഫ്ര: ₹ 5,000
അവന്തിക ഇന്റർനാഷണൽ: ₹ 4,300
ചെറി ഹോൾഡിംഗ്സ്: ₹ 4,000
എൻ.ആർ.ജി കോർപ്പറേഷൻ: ₹ 3,600
പ്രസ്‌റ്റീജ് ഗ്രൂപ്പ് : ₹ 3,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |