തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി ഡോ.കെ.എസ്.അനിൽകുമാറിന് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇടത് അംഗം മുരളീധരൻ പിള്ള അവതരിപ്പിച്ച പ്രമേയത്തെ ഇടത് അംഗങ്ങളും കോൺഗ്രസ് പ്രതിനിധി വൈ.അഹമ്മദ് ഫസിലുമടക്കം 20 പേർ പിന്താങ്ങി.
ബി.ജെ.പി അംഗങ്ങളായ ഡോ.വിനോദ് കുമാർ ടി.ജി.നായർ,പി.എസ്.ഗോപകുമാർ എന്നിവർ എതിർത്തു. കാലാവധി നീട്ടുന്നത് ചട്ടങ്ങളിലില്ലെന്നും സുതാര്യത ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടതോടെ സിൻഡിക്കേറ്റിൽ ഒരുമണിക്കൂറോളം ബഹളമായി. പരീക്ഷാ കൺട്രോളർക്കും ഫിനാൻസ് ഓഫീസർക്കും പുനർനിയമനം നൽകിയ ഉത്തരവുകൾ സിൻഡിക്കേറ്റ് പരിഗണിച്ചു. ഒടുവിൽ പുനർനിയമനത്തിനുള്ള ശുപാർശ വി.സി ഡോ.മോഹനൻ കുന്നുമ്മൽ അംഗീകരിക്കുകയായിരുന്നു. പുനർനിയമന ഉത്തരവിൽ വി.സി ഇന്നലെത്തന്നെ ഒപ്പിട്ടു.
രണ്ട് ഐ.എ.എസുകാരും ഉന്നതവിദ്യാഭ്യാസ,ഐ.ടി സെക്രട്ടറിമാരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. രജിസ്ട്രാർ ഇല്ലെങ്കിൽ സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കോൺഗ്രസ് അംഗം ചൂണ്ടിക്കാട്ടി.
നാലുവർഷത്തേക്കാണ് ഡോ.അനിൽകുമാറിന് പുനർനിയമനം നൽകിയത്. 2021 മുതൽ രജിസ്ട്രാറാണ് അദ്ദേഹം. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സംസ്ഥാനതല മോണിറ്ററിംഗ് സമിതി അദ്ധ്യക്ഷനായും പ്രവർത്തിക്കുന്നു.
നാലുവർഷ കോഴ്സിന്
റിട്ട.അദ്ധ്യാപകർ
കാര്യവട്ടത്തെ നാലുവർഷ ബിരുദ കോഴ്സുകളിൽ സർക്കാർ,എയ്ഡഡ് കോളേജുകളിലെ വിരമിച്ച അദ്ധ്യാപകരെ നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 18ഒഴിവുകളുണ്ട്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാന്റെ അദ്ധ്യക്ഷതയിലെ സമിതി തയ്യാറാക്കിയ പട്ടിക ഹൈക്കോടതി റദ്ദാക്കിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ നിലവിലില്ലാത്ത സാഹചര്യത്തിൽ സിൻഡിക്കേറ്റ് നേരിട്ട് യുവജനോത്സവം നടത്താനുള്ള വിസിയുടെ നിർദ്ദേശം യോഗം തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |