തിരുവനന്തപുരം: സംശയത്തെത്തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കല്ലിയൂരിലാണ് അരുംകൊല നടന്നത്. കുരുട്ടുവിളയ്ക്ക് സമീപം താമസിക്കുന്ന ബിൻസി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഇന്നലെ രാത്രിയിലായിരുന്നു സുനിൽ ബിൻസിയെ വെട്ടിയത്. മദ്യലഹരിയിലായിരുന്ന സുനിൽ വീട്ടിലേക്ക് വരുമ്പോൾ ബിൻസി ആരെയോ ഫോൺചെയ്യുകയായിരുന്നു എന്ന സംശയത്തിൽ തലയിൽ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ് ചെവിയോടുചേർന്ന ഭാഗം ഏറെക്കുറെ പിളർന്ന അവസ്ഥയിലായിരുന്നു.
രാവിലെ ബിൻസിയെ പുറത്തുകാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് അവശനിലയിലായ ബിൻസിയെ കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു എന്നാണ് അയൽവാസികളായ ചിലർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |