കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് മുരളിക്കെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2020 -2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നതെന്നാണ് വിവരം. പരാതിക്കാരികളിൽ ഒരാൾ ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടന്റെ പാട്ടുകൾ കേട്ടാണ് പരിചയത്തിലായതും സൗഹൃദത്തിലായതെന്നും തുടർന്ന് പലയിടങ്ങളിലുംവച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണിൽ വിളിച്ച് പരിചയപ്പെട്ടു. ഇതിനുശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് തെളിവുകൾ കൈമാറാൻ രണ്ട് യുവതികളും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡി.ജി.പിക്ക് കൈമാറും. ഇവർ നേരത്തെ വേടനെതിരെ മീടൂ ആരോപണവും ഉന്നയിച്ചിരുന്നു.
വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹെെക്കോടതി പരിഗണിക്കാനിരിക്കെയാണ് വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നത്. ഒളിവിൽ കഴിയുന്ന വേടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് അന്വേഷണ സംഘത്തിന്റെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |