തൃശൂർ: മുള്ളൂർക്കരയ്ക്കടുത്ത് വാഴക്കോട്ടെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടെന്നാണ് സൂചന. ആനക്കൊമ്പുമായി പിടിയിലായ അഖിലാണ് ഇക്കാര്യം വനംവകുപ്പിനോട് പറഞ്ഞത്.
രണ്ട് പ്രതികളുടെ പേരുകൾ അഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ അറിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ അഖിലിന് നേരിട്ട് പങ്കുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ റബർ തോട്ടമുടമ മണിയഞ്ചിറ റോയിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്.
വാഴക്കാട് പ്‌ളാഴിയിൽ സംസ്ഥാന പാതയോരത്തെ റബർ തോട്ടത്തിൽ നിന്ന് കഴിഞ്ഞദിവസമാണ് കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് 20 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. ആനയുടെ ജഡം കുഴിച്ചുമൂടാൻ കുഴിയെടുത്ത ജെ.സി.ബി ഉടമ മുള്ളൂർക്കര സ്വദേശി വാഴക്കോട് പാമ്പിൻ കാവിൽ സുന്ദരൻ, ഡ്രൈവർ സുമോദ് എന്നിവരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റബർ തോട്ടത്തിൽ നേരത്തെയുണ്ടായിരുന്ന കുഴി ജെ.സി.ബി ഉപയോഗിച്ച് വലുതാക്കി അതിലാണ് ആനയുടെ ജഡം മണ്ണും പ്‌ളാസ്റ്റിക്കും ചാണകവും പാഴ് വസ്തുക്കളുമുപയോഗിച്ച് മൂടിയത്. ജഡം പെട്ടെന്ന് അഴുകാൻ രാസവസ്തു ഉപയോഗിച്ചതായി സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |