പെരിന്തൽമണ്ണ: നിക്ഷേപതുകയിൽ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന പരാതിയിൽ സർവീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാർ അറസ്റ്റിലായി. ആനമങ്ങാട് സർവീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ബാങ്ക് ജീവനക്കാരായ തൂത പാറൽ ചമ്മൻകുഴി അൻവർ (52), ആനമങ്ങാട് കാഞ്ഞിരുട്ടിൽ അലി അക്ബർ (55), തൂത പാറൽ സ്വാലിഹ് (52) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരേയും ഇന്ന് കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടു.
ബാങ്ക് മെമ്പറും നിക്ഷേപകനുമായ മണലായ തുളിയത്ത് ഉസ്മാന്റെ പരാതിയിൽ ബാങ്ക് സെക്രട്ടറി അൻവർ, അക്കൗണ്ടന്റ് അലി അക്ബർ, ജീവനക്കാരായ അബ്ദുസലാം, ഇ.പി സ്വാലിഹ് എന്നിവരെ പ്രതി ചേർത്താണ് ഒരു കേസ്. ഉസ്മാൻ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ച 15 ലക്ഷം രൂപ ഇയാളുടെ മകളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപെട്ടിട്ടും അത് ചെയ്യാതെ തുക മാറ്റി നിക്ഷേപിച്ചെന്നാണ് ഉസ്മാന്റെ പരാതിയിൽ പറയുന്നത്. ബാങ്ക് മെമ്പറും കോൺട്രാക്ടറുമായ മങ്ങാടൻപറമ്പ് ഷറഫുദ്ദീന്റെ പരാതിയിൽ ബാങ്ക് സെക്രട്ടറി അൻവർ, ജീവനക്കാരായ അബ്ദുസലാം, സ്വകാര്യ ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരൻ അഭിഷേക് ബഹ്ര എന്നിവർക്കെതിരെയാണ് മറ്റൊരു കേസെടുത്തത്. ഷറഫുദ്ദീന്റെ നിക്ഷേപ തുകയായ 12, 52, 171 രൂപ നിക്ഷേപകനറിയാതെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലേക്ക് ആർ.ടി.ജി.എസ് ചെയ്ത് കൊടുത്ത് വഞ്ചന നടത്തിയതായാണ് ഷറഫുദ്ദീന്റെ പരാതിയിൽ പറയുന്നത്. ബാങ്കിലെ നിക്ഷേപമാറ്റം സംബന്ധിച്ച് തന്റെ മൊബൈൽ ഫോണിലേക്ക് മെസേജ് വരുന്നത് എതിർ കക്ഷികൾ തടഞ്ഞതായും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |