
സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത അവധിക്കാല പരിപാടിക്കിടെയുണ്ടായ വെടിവയ്‌പിൽ പത്തുപേർ കൊല്ലപ്പെട്ടു. അക്രമികളിൽ ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടതായാണ് വിവരം. വെടിയേറ്റ മറ്റൊരു അക്രമിയെ കസ്റ്റഡിയിലെടുത്തതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് 6.45ഓടെയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിർദേശമില്ലാതെ ബോണ്ടി ബീച്ചിലേക്ക് പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പൊലീസും എമര്‍ജന്‍സി റെസ്‌പോൺസ് സംഘം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ബീച്ചിലുണ്ടായിരുന്നവർ പറയുന്നതനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിയുതിർത്തത്. ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്തതോടെ ഇരുവരും നിരന്തരമായി വെടിവച്ചുകൊണ്ടിരുന്നു.
ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി. ഹനുക്ക അവധിക്കാലത്തിന്റെ ആദ്യ മെഴുകുതിരി കത്തിക്കാൻ ബീച്ചിൽ പോയ ജൂത ജനതയെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വീഡിയോയില്‍ വെടിയൊച്ചകളും പൊലീസ് സൈറണുകളും കേള്‍ക്കാം. ബീച്ചിലെത്തിയവര്‍ പ്രദേശം വിട്ട് ഓടണമെന്ന് നിര്‍ദേശിക്കുന്നതും കാണാം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഓസ്ട്രേലിയയിലെ സിനഗോഗുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |