റീ റിലീസിന് ഒരുങ്ങുന്ന റൊമാന്റിക് ഡ്രാമ ചിത്രം യേ മായ ചേസ വേയുടെ പ്രൊമോഷന് താൻ ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം സാമന്ത. നാഗചൈതന്യയും സാമന്തയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് യേ മായ ചേസ വേ. ഈ സിനിമയുടെ ലൊക്കേഷനിൽ ആണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രം റീ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ പ്രൊമോഷന് ഇരുവരും ഉണ്ടാകുമെന്ന വാർത്തകൾ ഉയർന്ന പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രതികരണം.
'ആ സിനിമയെ പ്രൊമോട്ട് ചെയ്യാനേ ഉദ്ദേശിക്കുന്നില്ല. ഈ വാർത്ത എവിടെനിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ആരാധകർക്ക് സിനിമയിലെ പ്രധാന ജോഡിയെ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച് നമുക്ക് ജീവിക്കാൻ കഴിയില്ല '- സാമന്തയുടെ വാക്കുകൾ. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ് യേ മായ ചേസ വേ.
ഈ ചിത്രത്തിനുശേഷം ഓട്ടോ നഗർ, സൂര്യ, മനം, മജിലി, മഹാനടി എന്നീ ചിത്രങ്ങളിലും ചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ചു. 2021 ഒക്ടോബറിലാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനം. നാലാം വിവാഹ വാർഷികത്തോട് അടുക്കുമ്പോഴാണ് ഇരുവരും വേർപിരിയുന്നതായി വെളിപ്പെടുത്തിയത്. ആരാധകരെ നടുക്കി നടി ശോഭിത ധുലിപാലയെ നാഗ ചൈതന്യ വിവാഹം കഴിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |