താരസംഘടനയായ 'അമ്മ'യുടെതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 74 പേർ പത്രിക നൽകി. വനിതകൾ അടക്കം പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരാണ് പത്രിക നൽകിയത്. ഈ മാസം 31ന് ശേഷമേ പാനലുകളുടെ പൂർണവിവരം ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15ന് കൊച്ചിയിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജോയ് മാത്യു, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്.
'അമ്മ'യിൽ യുവനേതൃത്വം വരണമെന്ന് മുതിർന്ന നടന്മാർ ആഭ്യർത്ഥിച്ചെങ്കിലും പ്രമുഖ യുവനടന്മാർ മുന്നോട്ടുവന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോയ് മാത്യു നൽകിയ പത്രിക തള്ളി. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തിൽ വിട്ടുനിൽക്കാൻ തീരുമാനിച്ചതിൽ നാമനിർദേശ പത്രികയിലെ ഡിക്ലറേഷനിൽ ഒപ്പിടാതിരുന്നതാണെന്ന് ജോയ് മാത്യുവുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചു.
വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവ പത്രിക നൽകി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പത്രിക നൽകി. താരസംഘടനയായ 'അമ്മ'യിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇക്കുറി കടുക്കുമെന്ന് ഉറപ്പാണ്. സരയു, വിനു മോഹൻ, ടിനി ടോം, അനന്യ, കെെലാഷ് തുടങ്ങിയവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ എല്ലാ സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് അമ്മയുടെ നേതൃത്വം പിരിച്ചുവിട്ടത്. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന് കഴിഞ്ഞ പൊതുയോഗത്തിൽ മോഹൻലാൽ അറിയിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 32 വർഷത്തെ ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ മത്സരിക്കാൻ വരുന്നത് ആദ്യമാണ്. 110 അഭിനേതാക്കളാണ് നിലവിൽ നാമനിർദേശ പത്രിക വാങ്ങിയിട്ടുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |