കൊച്ചി: അന്തരിച്ച നേതാക്കൾക്കെതിരെ അധിക്ഷേപം നടത്തിയതിൽ നടൻ വിനായകനെതിരെ പരാതി.
മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുളള അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാദ്ധ്യമം വഴി
അധിക്ഷേപിച്ചുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫാണ്
ഡി,ജി,പിയ്ക്ക് പരാതി നൽകിയത്. വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. കൂടാതെ രാഷ്ട്രീയ അണികളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ നിന്ന് വിനായകനെ വിലക്കണമെന്നും പരാതിയിൽ പറയുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചപ്പോഴും സമാനമായ രീതിയിൽ വിനായകൻ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. അന്നും ഫേസ്ബുക്കിലൂടെയായിരുന്നു വിവാദ പരാമർശം. ഈ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെയാണ് വിനായകന്റെ പുതിയ അധിക്ഷേപ പോസ്റ്റ് വന്നത്. വി.എസിന്റെ അനുസ്മരണ പരിപാടിയിൽ കൊച്ചി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് വിനായകൻ പങ്കെടുത്തിരുന്നു.
ഉമ്മൻചാണ്ടിയുടെയും വി.എസിന്റെയും മരണത്തോട് നടൻ സ്വീകരിച്ച സമീപനങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പുതിയ പോസ്റ്റിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപ പരാമർശങ്ങൾ. വി.എസിന്റെ മരണവുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |