മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സീമാ ജി നായർ. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായ സീമ ഇപ്പോൾ സീരിയലുകളിലാണ് അഭിനയിക്കുന്നത്. അന്തരിച്ച നടി ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സീമ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതോടെയാണ് ശരണ്യയുടെ ആരോഗ്യനിലയെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നത്. ഇപ്പോഴിതാ ശരണ്യയുടെ അന്നത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സീമ. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സീമ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'അന്തരിച്ച നടി ശരണ്യയ്ക്കുവേണ്ടി ചികിത്സാധനസഹായത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതോടെയാണ് ഞാൻ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായത്. അതിനുമുമ്പും ഇങ്ങനെയുളള പ്രവർത്തനങ്ങൾ ചെയ്യുമായിരുന്നു. തീരെ നിവൃത്തി ഇല്ലാതെ വന്നപ്പോഴാണ് ശരണ്യയ്ക്കായി സോഷ്യൽ മീഡിയയിലെത്തിയത്. അതിന് മുമ്പ് വരെ ഒരുപാട് ഓപ്പറേഷനുകൾ ശരണ്യയ്ക്ക് ചെയ്തിരുന്നു. ഓരോ ഓപ്പറേഷനു വേണ്ടിയും പണം കണ്ടെത്തുകയെന്നത് വലിയ പ്രയാസമായിരുന്നു. സിനിമയിലെ സഹപ്രവർത്തകർ മരിക്കുമ്പോൾ ഞാൻ അനുശോചനം രേഖപ്പെടുത്തിയുളള കുറിപ്പുകൾ പോസ്റ്റ് ചെയ്യും. അതിനൊക്കെ ലഭിക്കുന്ന പ്രതികരണങ്ങൾ ഭീകരമാണ്.
മരിച്ചവർക്കുവേണ്ടി മമ്മൂട്ടിയും മോഹൻലാലും സഹായങ്ങളൊന്നും ചെയ്തില്ലേ, ആരും സഹായിച്ചില്ലേയെന്നൊക്കെയാണ് ചോദിക്കുന്നത്. കൊടുക്കുന്നതും കൊടുക്കാത്തതും അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ആ താരങ്ങളൊക്കെ ആരും അറിയാതെയാണ് സഹായിക്കുന്നത്. അവർക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റിടാനൊന്നും കഴിയില്ല. ശരണ്യയുടെ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് അമ്മയ്ക്ക് സഹിച്ചില്ലായിരുന്നു. അങ്ങനെ ഞാനും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അവൾക്കും സഹിക്കാൻ കഴിയില്ലായിരുന്നു. പക്ഷെ അവളുടെ ജീവൻ നിലനിർത്തേണ്ടതിന് അത് അനിവാര്യമായിരുന്നു.
അവളുടെ അക്കൗണ്ട് വിവരങ്ങൾ വച്ചുകൊണ്ട് ഞാൻ ഒരു വീഡിയോ ചെയ്യുകയായിരുന്നു. ആ വീഡിയോക്ക് നല്ല റീച്ച് കിട്ടി. ഇതുവരെയായിട്ടും ശരണ്യയുടെ അമ്മയോട് എത്ര രൂപയാണ് കിട്ടിയതെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല. ഞാൻ ആത്മ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ശരണ്യയുടെ രോഗവിവരം അറിയുന്നത്. അങ്ങനെ അവളെ കാണാൻ പോയി. ശരണ്യ നല്ല പണമുളള വീട്ടിലെ കുട്ടിയാണെന്ന് കരുതിയാണ് ഞാൻ കാണാൻ പോയത്. അവിടെ ചെന്നപ്പോഴാണ് ആ വീടിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഞാൻ മനസിലാക്കുന്നത്'- സീമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |