വളരെ ചെറുപ്പത്തിലേ സിനിമയിലെത്തി തെന്നിന്ത്യൻ സിനിമയുടെ സൂപ്പർനായികയായി മാറിയ താരമാണ് ശോഭന. മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാൾ കൂടിയാണ് അവർ. ഇപ്പോഴിതാ സിനിമയിലെ ആദ്യകാലത്തെക്കുറിച്ച് മനസുതുറക്കുകയാണ് താരം.
സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ തുടക്കകാലത്ത് തന്റെ വയസിനെക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ലെന്ന് ശോഭന പറഞ്ഞു. 'ശോഭന ഒരു ആർടിസ്റ്റാണ്. ഹിറ്റായി നിൽക്കുന്ന ഒരു നായിക നടിയാണ്. അവരെ നായികയായി ബുക്ക് ചെയ്യാം എന്നാണ് എല്ലാവരും ചിന്തിച്ചത്. എന്നാൽ അവർക്ക് 15 വയസ് മാത്രമേയുള്ളൂ, ഒരു കുട്ടിയാണ് എന്നാരും ചിന്തിച്ചില്ല. അവർ പൈസ തന്ന് എന്റെ ഡേറ്റ് ബുക്ക് ചെയ്യും, അത്രമാത്രം. ആ സമയത്ത് കോളേജിൽ പോകണമെന്നോ, പാർട്ടിക്ക് പോകണമെന്നോ തുടങ്ങിയ ആഗ്രഹങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെയുള്ള കാര്യങ്ങളിൽ അവരുടേതായ ഇഷ്ടങ്ങളുണ്ട്.
എന്റെ മകളും അവളുടെ താത്‌പര്യങ്ങൾ പറയാറുണ്ട്. എനിക്കൊന്ന് പുറത്തുപോകണം. ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണം. എന്റെ പ്രായത്തിലെ കുട്ടികളൊക്കെ പോകുന്നുണ്ടല്ലോ, അതുപോലെ എനിക്കും പോകണം എന്നാണ് അവൾ പറയുന്നത്.
ഞാൻ വളർന്നുവന്ന കാലത്ത് അങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പുറത്ത് പോകുകയെന്നാൽ സിനിമയിൽ അഭിനയിക്കുന്നതാണ്. പാർട്ടിയെന്നാൽ സുഹൃത്തുക്കളുടെ ഒപ്പം സമയം ചെലവഴിക്കുന്നതാണ്. ഭക്ഷണം സെറ്റിൽ നിന്ന് കിട്ടുന്നതാണ്. എനിക്ക് അതൊക്കെ വലിയ നിധി കിട്ടുന്നത് പോലെയായിരുന്നു. മലയാള സിനിമയിൽ ആകെയൊരു പ്രശ്‌നമായി തോന്നിയത് രാവിലെ നാല് മണിക്ക് വിളിച്ചെഴുന്നേൽപ്പിക്കും എന്നതാണ്'- ശോഭന വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |