മലയാള സിനിമാചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ചിത്രമാണ് ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ. എഴുത്തുകാരനായ ഷെരീഫിന്റെയും നിർമാതാവായ രാമചന്ദ്രന്റെയും ഐ വി ശശിയുടെയും തലവര മാറ്റിമറിച്ച ചിത്രമായിരുന്നു അവളുടെ രാവുകൾ. തീയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടിയെടുത്തത്. അവളുടെ രാവുകൾക്കുശേഷം ഇവർ മൂന്ന് പേരും ചേർന്ന് ഒരുപാട് വിജയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് അവളുടെ രാവുകളെക്കുറിച്ച് ആരും അറിയാതെ പോയ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ.
'ഐ വി ശശിയുടെയും എഴുത്തുകാരൻ ഷെരീഫീന്റെയും രാമചന്ദ്രന്റെയും തലവര മാറ്റിയ ചിത്രമായിരുന്നു അവളുടെ രാവുകൾ. വമ്പൻ താരനിര ചിത്രങ്ങളെയെല്ലാം പിന്നിലാക്കി അവളുടെ രാവുകൾ വലിയ കളക്ഷൻ നേടി. വടപളനി എന്ന സ്ഥലത്ത് നിന്ന് ഇവർ കണ്ടെത്തിയ ശാന്തി എന്ന സീമ അന്നത്തെ ചെറുപ്പക്കാരുടെ മനസിലെ സ്വപ്നനായികയായി മാറി. ആ സിനിമ ചിത്രീകരിക്കുന്നതിനിടയിൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ചിത്രത്തിലെ 'രാഘേന്ദു കിരണങ്ങൾ' എന്ന് തുടങ്ങുന്ന ഗാനം തയ്യാറാക്കിയത് സാമ്പത്തിക പ്രതിസന്ധികൾക്കിടയിലായിരുന്നു.
ഇന്നത്തെപ്പോലെ കോപ്പിറൈറ്റ് പ്രശ്നങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് 'സ്വാമി' എന്ന ഹിന്ദി ചിത്രത്തിന് ലത മങ്കേഷ്‌കർ പാടിയ ഒരു ഗാനത്തിന്റെ ഈണം അതിവിദഗ്ധമായി എടുത്താണ് ജാനകിയമ്മയെക്കൊണ്ട് ഗാനം പാടിപ്പിച്ചത്. ആ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് അവർ പല സിനിമകൾ ചെയ്തു. പല കാരണങ്ങൾ കൊണ്ട് അവർ അടിച്ചുപിരിഞ്ഞു. 'ഇതാ ഒരു തീരം' എന്ന സിനിമയുടെ കഥ ഷെരീഫ് മറ്റൊരു സംവിധായകന് കൊടുത്തത് ഐ വി ശശിയെ ചൊടിപ്പിച്ചു. കുതിരവട്ടം പപ്പുവായിരുന്നു ആ സിനിമയുടെ നായകൻ. സിനിമ വലിയ വിജയമായിരുന്നു. അങ്ങനെയാണ് ഐ വി ശശിയും ഷെരീഫും പിരിഞ്ഞത്.
അതിനുശേഷവും ഐ വി ശശി സംവിധാനം ചെയ്ത സിനിമകൾ മലയാളത്തിൽ ഹിറ്റുകളായിരുന്നു. ഒരു മാടപ്രാവിന്റെ കഥയായിരുന്നു എന്റെ ആദ്യ ചിത്രം. അതിൽ അഭിനയിക്കുന്നതിന് പ്രേം നസീറിന് അഡ്വാൻസും കൊടുത്ത് അദ്ദേഹത്തിന് ഡേറ്റ് കിട്ടുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് ഷെരീഫ് സിനിമയിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. അദ്ദേഹത്തിന് ബന്ധുക്കളോടൊന്നും അധികം അടുപ്പമില്ലായിരുന്നു. അദ്ദേഹത്തെ നേരിൽ കാണുകയെന്നത് തന്നെ വലിയൊരു കടമ്പയായിരുന്നു. വളരെ ബുദ്ധിമുട്ടി ഞാൻ അദ്ദേഹത്തെ കണ്ടു. പ്രേം നസീറിന്റെ ഡേറ്റ് കിട്ടാൻ സഹായിക്കുമോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം കേട്ടപാടെ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ സങ്കടപ്പെട്ടാണ് തിരികെ പോയത്. ഷെരീഫിന്റെ മരണസമയത്ത് ഞാൻ ഒപ്പമുണ്ടായിരുന്നു.
ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും ഈ മൂന്ന് പേരുടെയും അവസാനജീവിതം ദുരിതപൂർണമായിരുന്നു. ഐ വി ശശിക്ക് അവസാനകാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുകയും അസുഖബാധിതനാകുകയും ചെയ്തു. മുരളി മൂവീസിന്റെ രാമചന്ദ്രന് കടുത്ത സാമ്പത്തികബാദ്ധ്യതയും ബ്രെയിൻ ട്യൂമറും പിടിപ്പെട്ടു. ഷെരീഫ് അസുഖം ബാധിച്ച് കിടന്നിട്ട് ഒരു സിനിമാക്കാരനും കാണാൻ എത്തിയില്ല. അദ്ദേഹം മരിച്ചപ്പോൾ നടൻ ജനാർദ്ദനൻ മാത്രമാണ് വന്നത്. ഇവരുടെ ദുരവസ്ഥ ആരും അധികം അറിഞ്ഞിട്ടില്ല'- അഷ്റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |