ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ മകൻ അമീൻ ആരോഗ്യ നിലയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. നിർജലീകരണം കാരണമാണ് പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് മകൻ അറിയിച്ചത്. റഹ്മാന്റെ മകൾ റഹീമയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്. പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നാണ് അവർ പങ്കുവച്ച കുറിപ്പിലുളളത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രതികരിച്ചിട്ടുണ്ട്. എ ആർ റഹ്മാന്റെ ആരോഗ്യവിവരം അറിയുന്നതിനായി ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നറിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിരുന്നു. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. നിർജലീകരണം കാരണമാണ് എ ആർ റഹ്മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.
ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകവൃന്ദമുളള സംഗീതഞ്ജനാണ് അദ്ദേഹം. സുഖം പ്രാപിച്ച എ ആർ റഹ്മാൻ ആശുപത്രി വിട്ടെന്ന വാർത്ത ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |