സ്‌റ്റോക്ക്‌ഹോം: വാർത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് സ്വീഡന്റെ പുതിയ വനിതാ മന്ത്രി. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ എലിസബത്ത് ലാനാണ് കുഴഞ്ഞുവീണത്. ചൊവ്വാഴ്ചയാണ് സംഭവം. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റെർസൺ, ക്രിസ്ത്യൻ ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് എബ്ബ ബുഷ് എന്നിവർക്കൊപ്പം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു 48കാരിയായ ലാൻ. സംസാരിച്ചുനിറുത്തി തൊട്ടടുത്ത നിമിഷം മന്ത്രി കുഴഞ്ഞുവീണു. ഇതോടെ എബ്ബയും മാദ്ധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ലാനിന്റെ അരികിലേക്ക് ഓടിയെത്തി. പ്രാഥമിക ശുശ്രൂഷയ്ക്കായി ലാനിനെ മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നുപോയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് ലാൻ പിന്നീട് വിശദീകരിച്ചു.തിങ്കളാഴ്ച മുൻ ആരോഗ്യമന്ത്രി അക്കൊ അൻകാബെർഗ് ജൊഹാൻസൺ രാജിവച്ചതിന് പിന്നാലെയാണ് ലാൻ അധികാരത്തിലേറിയത്. ലാനിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |