ദിവ്യ പിള്ളയും ശാന്തി പ്രിയയും നായികമാർ
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബിജുമേനോൻ നായകൻ. സുപ്രധാന കഥാപാത്രത്തെ ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നു. മിന്നൽ മുരളിയിലൂടെ മലയാളത്തിന് കൂടുതൽ പരിചിതനായ ഗുരു സോമസുന്ദരവും ബിജു മേനോനും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഏപ്രിൽ 16ന് കുട്ടിക്കാനത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പൊലീസും കള്ളനും ചേർന്ന ഒരു പൊലീസ് കഥയാണ് ചിത്രത്തിന്റെ പ്രമേയം. പൊലീസ് കഥയാണെങ്കിലും യൂണിഫോമില്ലാത്ത പൊലീസുകാരന്റെ കഥ കൂടിയാണ്. ഇവരിൽ ആരാണ് പൊലീസ് , കള്ളൻ എന്നത് തത്കാലം അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നില്ല. ദിവ്യ പിള്ളയും ശാന്തി പ്രിയയുമാണ് ചിത്രത്തിലെ നായികമാർ. മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിലൂടെ അഭിനയരംഗത്തേക്കു എത്തിയ ശാന്തി പ്രിയ മോഹൻലാൽ ചിത്രം ദൃശ്യം 2വിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ഷീലു എബ്രഹാം എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ജയറാമും രചന നാരായണൻകുട്ടിയും നായകനും നായികയുമായി അഭിനയിച്ച ലക്കി സ്റ്റാറാണ് ദീപു അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒൻപതുവർഷത്തെ ഇടവേളക്കുശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എഫ്.ഐ മോഷൻ പിക്ചേഴ്സ്, മൂവി ക്ഷേത്ര സെലി ബ്രാൻഡ്സ് എന്നീ ബാനറുകളിൽ കിഷോർ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നിർമ്മാണം.ലോകനാഥനാണ് ഛായാഗ്രാഹകൻ. കല അപ്പുണ്ണി സാജൻ, എഡിറ്റർ: സുമീർ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |