കൊച്ചി: മലയാള സിനിമയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ നിലവിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. കൂട്ടായ്മയുടെ ഭാഗമാകുമ്പോൾ ഔദ്യോഗികമായി അറിയിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
സംവിധായകൻ ആഷിഖ് അബുവിന്റെയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളതെന്നായിരുന്നു റിപ്പോർട്ടുകൾ.
പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളുടെ വേരൂന്നി പ്രവർത്തിക്കും. പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |