നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ നായകൻ. കൊച്ചിയിൽ ഇന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലൂടെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫിയുടെ മകൻ മൊബിൻ റാഫി അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നു. അർജുൻ അശോകനൊപ്പം പ്രധാന വേഷത്തിലാണ് മൊബിൻ റാഫി എത്തുന്നത്. ഷൈൻ ടേം ചാക്കോ, സലിംകുമാർ, ജോണി ആന്റണി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചന റാഫിയുടേതാണ്. കലന്തൂർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യമായാണ് അർജുൻ അശോകൻ നാദിർഷയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. പൂർണമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് നാദിർഷ പുതിയ ചിത്രം ഒരുക്കുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ്. പതിവ് ട്രാക്കിൽ നിന്ന് മാറി നാദിർഷ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രമായ ഈശോ ത്രില്ലർ ഗണത്തിൽപ്പെട്ടതായിരുന്നു. ജയസൂര്യയും നമിത പ്രമോദും ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അതേസമയം രോമാഞ്ചത്തിന്റെ വലിയ വിജയത്തിനുശേഷം നിരവധി ചിത്രങ്ങളുമായി യാത്രയിലാണ് അർജുൻ അശോകൻ. ചാവേർ, ഖജുരാ ഹോ ഡ്രീംസ്, ഓളം, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. നായകനായി അവസാനം തിയേറ്ററിൽ എത്തിയ പ്രണയ വിലാസം മികച്ച സ്വീകാര്യത നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |