ഡബ് ചെയ്യാൻ വിളിച്ചപ്പോൾ അത് കരിയറായി മാറുമെന്ന് രവീണ കരുതിയില്ല. അഭിനയിക്കാൻ ഒരു ദിവസം വിളി വന്നപ്പോൾ നടി എന്ന വിലാസം തരുമെന്ന് പ്രതീക്ഷിച്ചില്ല. തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഡബിംഗ് ആർട്ടിസ്റ്റായി തിളങ്ങി രവീണ രവിയുടെ യാത്ര. പ്രശസ്ത ഡബിംഗ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ മകൾ ആണ് രവീണ. ക്യാമറയ്ക്ക് മുൻപിലും വിസ്മയിപ്പിക്കാൻ ശ്രീജയും രവീണയും ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നു. ശ്രീനാഥ് ഭാസി നായകനായ 'ആസാദി" സിനിമയിൽ നായികയായി രവീണ മേയ് 23ന് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു.
ആസാദി സിനിമയിൽ അഭിനയിക്കുന്നതിന് മുൻപും ശേഷവും കരിയറിലും ജീവിതത്തിലും സംഭവിച്ച മാറ്റം?
മലയാളത്തിൽ എന്റെ രണ്ടാമത്തെ സിനിമയാണ് 'ആസാദി " . റിലീസ് ചെയ്യാൻ അല്പം വൈകി. വലിയ താരനിരയാണ്. മെഡിക്കൽ ഫാമിലി ത്രില്ലറായ 'ആസാദി " വലിയ പ്രതീക്ഷ നൽകുന്നു. സംവിധായകൻ ജോ ജോർജിന്റെ ആദ്യ സിനിമ. 'ആസാദി"ക്ക് ശേഷം എനിക്ക് വരുന്ന കഥാപാത്രങ്ങൾ എന്തായിരിക്കുമെന്ന ചിന്തയുണ്ട്. എറെ ശുഭകരമായ പ്രതീക്ഷയുമാണ്. എല്ലാ സിനിമയും പോലെ ഒരുപാടുപേരുടെ കഠിനാദ്ധ്വാനം 'ആസാദി"ക്കുമുണ്ട്.
ഡബിംഗോ അഭിനയമോ ഇവരിൽ ആരാണ് കൂടുതൽ ചേർന്നു നിൽക്കുന്നത് ?
ആദ്യം തുടങ്ങിയത് ഡബിംഗ് ആണ് . 'സാട്ടൈ "സിനിമയിൽ മഹിമ നമ്പ്യാർക്ക് ശബ്ദം നൽകാൻ വിളിച്ചു. ഒരുപാടുപേരുടെ ശബ്ദം നോക്കിയിട്ട് ശരിയായില്ല.അതാണ് ആദ്യ അവസരം. 'സാട്ടൈ" കഴിഞ്ഞ് ഒരുപാട് അവസരം വന്നപ്പോൾ ഡബിംഗ് കരിയറായി. തെന്നിന്ത്യയിൽ ഒട്ടുമിക്ക നായികമാർക്കും ഡബ് ചെയ്തു.എന്റെ ഫോട്ടോ കണ്ടാണ് നായികയായി അഭിനയിക്കാൻ വിളിക്കുന്നത്. എല്ലാം ഭാഗ്യമായി കരുതുന്നു. അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും അനുഗ്രഹവും കഠിനാദ്ധ്വാനവും ചേർന്നതുകൊണ്ടാണ് ഈ രംഗത്ത് നിൽക്കാൻ കഴിയുന്നതുതന്നെ. അഭിനയവും ഡബിംഗും എന്നോട് ചേർന്നു നിൽക്കുന്നു. രണ്ടും എന്റെ കണ്ണുകൾ പോലെയാണ്. അമ്മയോട് ചോദിച്ചാലും ഇതു തന്നെ പറയും.രണ്ടും നല്ല പ്ളാറ്റ്ഫോം ആണ്. മിക്ക സിനിമയിലും പുതിയ ടീം ആയിരിക്കും. വർഷങ്ങൾക്കുശേഷം അമ്മ വീണ്ടും അഭിനയത്തിൽ സജീവമായി. അമ്മ അഭിനയിച്ച തമിഴ് ചിത്രം 'ടൂറിസ്റ്ര് ഫാമിലി" സൂപ്പർ ഹിറ്റാണ്. സംവിധായകൻ അഭിഷൻ ജീവിന്തന് 26 വയസാണ്. അഭിഷന്റെ ആദ്യ സിനിമ.
അഭിനയത്തിലെയും ഡബിംഗിലെയും പുതിയ യാത്രകൾ?
ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ എന്നിവരോടൊപ്പം മുഹാഷിന്റെ സംവിധാനത്തിൽ അഭിനയിച്ച സിനിമയാണ് മലയാളത്തിൽ അടുത്ത റിലീസ്. കഠിന കഠോരമീ അണ്ഡകടഹാത്തിന്റെ സംവിധായകനാണ് മുഹാഷിൻ. തമിഴിൽ ക്രിമിനൽ, കാതലേ കാതലേ എന്നീ സിനിമകൾ. ഭാരതിരാജ സാറിന്റെ ഭാര്യയായി കാതലേ കാതലേയിൽ അമ്മയും അഭിനയിച്ചു. നാല് വ്യത്യസ്തമായ കഥകൾ ചേർന്നതാണ്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ക്രിമിനൽ "സിനിമയിൽ നായികയാണ്. ഗൗതം കാർത്തിക്, ശരത് കുമാർ, ജനനി അയ്യർ എന്നിവരാണ് മറ്റു താരങ്ങൾ. ഷങ്കർ സംവിധാനം ചെയ്ത 'ഗെയിം ചേഞ്ചർ" തമിഴ് പതിപ്പിൽ കിയാര അദ്വാനിക് ശബ്ദം നൽകി. തമിഴിൽ തന്നെ 'ദ ഡോർ" സിനിമയിൽ ഭാവനയ്ക്ക് ശബ്ദമായി. ആദ്യമായാണ് ഭാവനയ്ക്ക് ശബ്ദം നൽകുന്നത്. അമ്മയും ഭാവനയ്ക്ക് ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര, അമല പോൾ, മഞ്ജിമ മോഹൻ, ശ്യാമിലി തുടങ്ങി അമ്മ ഡബ് ചെയ്തവർക്ക് ഞാനും ശബ്ദം നൽകി.
രണ്ടു പേരും പരസ്പരം വിലയിരുത്താറുണ്ടോ ?
തീർച്ചയായിട്ടും . അച്ഛൻ ( ഗായകനും ചിത്രകാരനും ഡബിംഗ് ആർട്ടിസ്റ്റുമായ രവി ) നന്നായി വിമർശിച്ചു. അമ്മയെയും എന്നെയും അച്ഛൻ പ്രോത്സാഹിപ്പിച്ചതുപോലെ ലോകത്ത് വേറെയാരും ഉണ്ടാകില്ല . പിഴവുകൾ കൃത്യമായി പറഞ്ഞുതരുമായിരുന്നു. മൂന്നുവർഷം മുൻപ് അച്ഛൻ മരിച്ചു.അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു. അമ്മയും ഞാനും പരസ്പരം വിലയിരുത്തും. വീട്ടിൽ സിനിമ അല്ലാതെ മറ്റൊന്നും സംസാരിക്കാനുമില്ല. നല്ല സിനിമകൾ ഞങ്ങൾ കാണാറുണ്ട്.
ശബ്ദം നൽകിയ നടിമാരിൽ ആരാണ് കൂടുതൽ പ്രിയപ്പെട്ടത് ?
പത്തു വർഷത്തിനിടെ 94 നടിമാർക്ക് ശബ്ദം നൽകി. ഏറ്റവും പ്രിയ നടിയെ തിരഞ്ഞെടുക്കാൻ കഴിയില്ല. എല്ലാ സിനിമയിലേക്കും സംവിധായകൻവിളിക്കുന്നതാണ്. ശബ്ദം നോക്കി തിരഞ്ഞെടുക്കുന്നു. ഒരേ നായികയ്ക്ക് വീണ്ടും ശബ്ദം നൽകി. ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. അവരുടെ ശരീരഭാഷ വേറിട്ടതായിരിക്കും. ഡബ് ചെയ്യാൻ ഇപ്പോൾ അവസരം ലഭിക്കുന്നത് വലിയ കാര്യമാണ്. അമ്മയുടെ സമയത്തൊക്കെ ഡബിംഗ് ആർട്ടിസ്റ്റുകൾ കുറവാണ്. ഇപ്പോൾ മലയാളത്തിലും തമിഴിലും ഇതല്ല സ്ഥിതി. ആർജെയും ഡിജെയും സിംഗേഴ്സുണ്ട്. ഇതിനിടെ ' വാലാട്ടി "സിനിമയിൽ നായയ്ക്ക് ശബ്ദം നൽകിയത് വേറിട്ട അനുഭവം. നായികമാർക്ക് എന്റേയോ അമ്മയുടെയോ ശബ്ദം അനുയോജ്യമെന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. അതിനാൽ ഞാൻ ശബ്ദം നൽകിയ നായികമാരും അവരുടെ കഥാപാത്രവും എനിക്ക് ഒരേപോലെ പ്രിയപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |