മോഹൻലാലിന്റെയും ദുൽഖർ സൽമാന്റെയും നിവിൻ പോളിയുടെയും ടൊവിനോ തോമസിന്റെയും ചിത്രങ്ങൾ ഓണത്തിന് ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫഹദ് ഫാസിൽ ചിത്രം ധൂമം ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. ദിലീപ് ചിത്രം ബാന്ദ്ര ഓണത്തിന് റിലീസ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ടുണിഷ്യയിൽ പുരോഗമിക്കുന്നു. ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രമായ കിംഗ് ഒഫ് കൊത്ത തിയേറ്ററുകളിൽ ആവേശം തീർക്കും. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന് കൊത്തയെ വിശേഷിപ്പിക്കാം. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയിൽ ഐശ്വര്യലക്ഷ്മി, ഗോകുൽ സുരേഷ്, നൈല ഉഷ തുടങ്ങി വൻതാരനിര തന്നെയുണ്ട്. 2018 നേടിയ ചരിത്ര വിജയത്തിന് പിന്നാലെ എത്തുന്ന അജയന്റെ രണ്ടാം മോഷണം ആണ് ടൊവിനോയുടെ ഓണച്ചിത്രം. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ.പാൻ ഇന്ത്യൻ ത്രിമാന ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോ ആദ്യമായി ട്രിപ്പിൾ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ധൂമം പാൻ ഇന്ത്യൻ ചിത്രമായി എത്തുന്നു. പവൻകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളി, റോഷൻ മാത്യു, വിനീത്, നന്ദു, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിവിൻ പോളിയുടെ ഓണ ചിത്രം. ടൈറ്രിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. മമിത ബൈജുവും ആർഷ ബൈജുവും ആണ് നായികമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |