മലയാള സിനിമാസ്വാദകർക്ക് പ്രിയങ്കരരായിരുന്ന താരജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഒട്ടനവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 1998ൽ വിവാഹിതരായ ഇരുവരും 2014ലാണ് നിയമപരമായി വേർപിരിഞ്ഞത്. ഇപ്പോഴിതാ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ പി സുകുമാർ രണ്ടുപേരുടെയും അഭിനയരീതിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിൽ ദിലീപും മഞ്ജുവും അഭിനയിച്ചതിനെക്കുറിച്ചാണ് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിച്ച ഒരു സീനുണ്ട്. ഒരു സിനിമാറ്റോഗ്രാഫർ എന്ന നിലയിൽ എനിക്ക് മറക്കാൻ സാധിക്കില്ല. വില്ലനെ കൊന്നിട്ട് ദിലീപ് മഞ്ജുവിനോട് വിവരം പറയുന്നതാണ് സീൻ. മഞ്ജുവിനെ കെട്ടിപ്പിടിച്ചതിനുശേഷമാണ് ദിലീപ് പറയുന്നത്. രണ്ടുപേരും മനോഹരമായിട്ടാണ് അഭിനയിച്ചത്. ഒറ്റ ടേക്കിലാണ് ആ സീൻ എടുത്തത്.
അവർ നന്നായി വർക്ക് ചെയ്തിട്ടാണ് അഭിനയിച്ചത്. അവർ യാഥാർത്ഥത്തിൽ അഭിനയിച്ചപോലെ എനിക്ക് തോന്നി. രാത്രിയായിരുന്നു ഷൂട്ടിംഗ്. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സീനുണ്ട്. അപ്പോൾ മഞ്ജു കരയുന്നത് എടുക്കണം. കട്ട് പറഞ്ഞിട്ടും മഞ്ജുവിന് കരച്ചിൽ നിർത്താൻ സാധിച്ചിരുന്നില്ല. അഭിനയത്തിൽ ഇത് സ്വാഭാവികമാണ്. സല്ലാപത്തിൽ മഞ്ജു വാര്യർ ഒരു വഴിയുമില്ലാതെ ട്രെയിനിന് മുൻപിൽ ചാടാനൊരുങ്ങുന്ന സീനുണ്ട്. അതെല്ലാം ഒറ്റടേക്കിലാണ് എടുത്തത്'- പി സുകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |