വാഷിംഗ്‌ടൺ: ന്യൂയോർക്കിലെ സെൻട്രൽ മാൻഹട്ടനിൽ നടന്ന വെടിവയ്പ്പിൽ ഒരു പൊലീസ് ഓഫീസർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലാസ് വെഗാസ് സ്വദേശിയായ ഷെയ്ൻ തമുറയാണ് (27) വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു. ഇയാളുടെ പക്കൽ തോക്ക് സൂക്ഷിക്കാനുള്ള ലൈസൻസ്, കാലഹരണപ്പെട്ട സ്വകാര്യ അന്വേഷക ലൈസൻസ് എന്നിവയുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
മിഡ്‌ടൗൺ മാൻഹട്ടനിലെ തിരക്കേറിയ ഭാഗത്തുള്ള പാർക്ക് അവന്യൂ കെട്ടിടത്തിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തിയ അക്രമി എആർ-സ്റ്റൈൽ റൈഫിൾ ആണ് ഉപയോഗിച്ചതെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ പാർക്കിന് സമീപത്തായുള്ള പാർക്ക് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന 634 അടി ഉയരമുള്ള കെട്ടിടം ഒരു ചെറുനഗരമായാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി പിൻ കോഡുള്ള, നഗരത്തിലെ ചുരുക്കം ചില കെട്ടിടങ്ങളിൽ ഒന്നാണിത്. നിരവധി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലുകളും കോൾഗേറ്റ്-പാമോലൈവ്, കെപിഎംജി എന്നിവയുൾപ്പെടെ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്.
സംഭവത്തിൽ മേയർ എറിക് ആഡംസ് അനുശോചനം രേഖപ്പെടുത്തി. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |