പ്രഭാസ് നായകനായ 'കൽക്കി 2' ചിത്രത്തിൽ നിന്നും നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. കുറഞ്ഞ ജോലി സമയം ദീപിക ചോദിച്ചുവെന്നും ഇത് സെറ്റിൽ തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൽക്കി 2വിന്റെ നിർമ്മാതാക്കൾ ദീപികയെ ചിത്രത്തിൽ നിന്ന് പൂർണമായും നീക്കാൻ ആലോചിക്കുന്നതായാണ് വിവരം. എന്നാൽ നടിയോ നിർമ്മാതാക്കളോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ നടത്തിയിട്ടില്ല.
നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിറവയറുമായാണ് കൽക്കി 2898 എ ഡി സിനിമയിൽ ദീപിക പദുകോൺ അഭിനയിച്ചത്. ആദ്യഭാഗത്തെ പോലെതന്നെ രണ്ടാംഭാഗത്തിന്റെയും ആഗോള റിലീസാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ആയിരം കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു കൽക്കി 2898 എഡി.
അടുത്തിടെ സംവിധായകൻ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'സ്‌പിരിറ്റി'ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. ദീപിക മുന്നോട്ടുവച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് സംവിധായകൻ തന്നെ ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.
കുഞ്ഞിന് ജന്മം നൽകിയ ശേഷം കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. താരത്തിന്റെ തിരിച്ചുവരവ് 'സ്‌പിരിറ്റി'ലൂടെയായിരിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന. നടി തൃപ്തി ദിംറിയാണ് ചിത്രത്തിലെ പുതിയ നായിക. തൃപ്തി തന്നെയാണ് സ്‌പിരിറ്റ് സിനിമയുടെ ഭാഗമാകുന്നതിനെ കുറിച്ച് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |