ചെറിയ ബഡ്ജറ്റുകൾ വച്ച് മികച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ഡോൺ പാലത്തറ. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് വിനയ് ഫോർട്ട് നായക വേഷത്തിലെത്തിയ 'ഫാമിലി'.
ശവം, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, 1956 മദ്ധ്യതിരുവിതാംകൂർ തുടങ്ങിയ ചിത്രങ്ങളിലൂടെയും അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ഡോൺ പാലത്തറ ശ്രദ്ധേയനായി. ഇപ്പോഴിതാ സംവിധായകനും തിരക്കഥാകൃത്തുമായ അടൂർ ഗോപലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെപ്പറ്റി ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോൺ.
ഇന്ത്യൻ സിനിമ കൂടുതലും ബഹളത്തിലും ആഘോഷങ്ങളിലും അഭിരമിച്ചപ്പോൾ, അടൂരിന്റെ സിനിമകൾ നിശബ്ദതയെയും ചെറിയ മനുഷ്യരെയും അവരുടെ സാധാരണ ജീവിതങ്ങളെക്കുറിച്ചുള്ളതാണെന്നും അദ്ദേഹം കുറിച്ചു. സംവിധായകൻ എന്നതിനപ്പുറം മലയാള സിനിമയിൽ അടൂരിന് വലിയ സ്ഥാനമുണ്ടെന്നും ഡോൺ പാലത്തറ പറയുന്നു.
സോഷ്യൽ മീഡിയാക്കുറിപ്പ്;
ഇന്ത്യൻ സിനിമ കൂടുതലും ബഹളത്തിലും ആഘോഷങ്ങളിലും അഭിരമിക്കുമ്പോൾ, അടൂർ ഗോപാലകൃഷ്ണൻ തിരഞ്ഞെടുത്തത് നിശബ്ദതയെയും ചെറിയ മനുഷ്യരെയും അവരുടെ സാധാരണ ജീവിതങ്ങളെയും ആയിരുന്നു. സിനിമകൾ ഉണ്ടാക്കിയ(ഉണ്ടാക്കുന്ന) ഒരാൾ എന്നതിനപ്പുറം മലയാള സിനിമയിൽ അദ്ദേഹത്തിന് വലിയ ഒരു റോളുണ്ട്.
അടൂർ സാറിന്റെ സിനിമകളെക്കുറിച്ച് സ്ഥിരം കേൾക്കുന്ന ഒരു പരാതി അദ്ദേഹം തന്റെ പരിസരം മാത്രം വച്ച് സിനിമകൾ ചെയ്തു എന്നതാണ്, മറ്റൊന്നിനെയും അറിയാൻ ആവശ്യത്തിന് ശ്രമിച്ചില്ല എന്നും. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്‌ട്രെങ്ത് ആ ഇന്റഗ്രിറ്റി ആണ്. തനിക്ക് പരിചയമുള്ള ജീവിതങ്ങളെ അത്ര സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിൽ ചോദ്യം ചെയ്യേണ്ടത്തിനെ ചോദ്യം ചെയ്യുകയും ചെയ്തു എന്നത്.
സിനിമകൾക്ക് പുറത്തുള്ള അടൂർ എനിക്ക് വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വയോധികനാണ്. അത്ര പെട്ടെന്നൊന്നും ആളുകളെ അടുപ്പിക്കില്ലെങ്കിലും അടുത്താൽ പിന്നെ സൗമ്യനായ, ക്ഷമയോടെ സിനിമകൾ കാണുകയും, അനുകമ്പയോടെ വിലയിരുത്തുകയും ചെയ്യുന്ന ഗുരുതുല്യൻ ആണ്.
വീട്ടിൽ പോയി രണ്ട്-മൂന്ന് വട്ടം കണ്ടിട്ടുണ്ട്. വല്ലപ്പോഴും ഫോണിൽ വിളിക്കാറുണ്ട്. എന്റെ സിനിമകളിൽ ചിലതൊക്കെ അദ്ദേഹത്തിന് ഇഷ്ടമാണ്. ചിലതൊന്നും അത്ര ഇഷ്ടമല്ല, പക്ഷെ എന്നെ വേദനിപ്പിക്കണ്ട എന്ന് കരുതിയാവും, വിമർശിച്ച് ഒന്നും പറയാറില്ല. ലോകസിനിമയിലെ പല സംവിധായകരുടെയും സിനിമകൾ ചർച്ചയിൽ കടന്നുവന്നിട്ടുണ്ട്.
പുതിയ കാലത്തെ മാസ്റ്റഴ്‌സിനെക്കുറിച്ചും അദ്ദേഹം വളരെ അപ്ഡേറ്റഡ് ആണ്. വളരെ വിലപ്പെട്ട ചില ഉപദേശങ്ങൾ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് തന്നത് എനിക്ക് ഇപ്പോൾ ഉപകാരപ്രദമായി തോന്നാറുണ്ട്. അദ്ദേഹത്തേപ്പറ്റി വിപിൻ വിജയ് സംവിധാനം ചെയ്ത ഡോക്യുമെന്ററി എനിക്ക് കാണാൻ സാധിച്ചിട്ടില്ല. ഗിരീഷ് കാസറവള്ളി ചെയ്ത വർക്ക് എനിക്ക് ഇഷ്ടമായില്ല.
അടുത്ത കാലത്ത്, ശ്രീ പീറ്റർ അട്ടിപ്പേറ്റി എഴുതിയ "ബോധധാരയിൽ അടൂർ" എന്ന പുസ്തകം വായിച്ചപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ, ഒരു സുഹൃത്തിന്റെ കണ്ണിലൂടെ കാണാൻ സാധിച്ചു. കൊടിയേറ്റവും വിധേയനും എലിപ്പത്തായവും ആവിഷ്കരിച്ച മഹാ സംവിധായകന് പിറന്നാൾ ആശംസകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |