SignIn
Kerala Kaumudi Online
Saturday, 27 April 2024 10.42 AM IST

ജി.കെ. പിള്ള,​ 65 വർഷം; 325 സിനിമകൾ,​ മായാത്ത തലയെടുപ്പ്

gk-pillai

എഴുപതുകളിലും എൺപതുകളിലും പ്രതിനായകനായും സ്വഭാവ നടനായും മലയാളത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന ജി.കെ. പിള്ള വിടപറയുമ്പോൾ മലയാളസിനിമയിൽ ഒരു ദീർഘകാലഘട്ടം കൊണ്ടാടിയ പ്രതിഭ ഓർമ്മയാവുകയാണ്. ആർമിയിലും നേവിയിലും ജോലി ചെയ്ത പകിട്ടോടെ സിനിമയിലെത്തിയ അദ്ദേഹത്തിനെ പഴയ തലമുറ ഓർക്കുന്നത് അക്കാലത്തെ നായകന്മാരെക്കാൾ തലയെടുപ്പുള്ള പ്രതിനായകനായിട്ടാണ്. ആറടിയിലേറെ ഉയരം, ഘനഗംഭീരമായ ശബ്ദം... ഒപ്പം അഭിനയത്തിലെ സ്വതസിദ്ധമായ മാനറിസങ്ങളും ജി.കെ. പിള്ളയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.

ആക്‌ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ ധൈര്യം കാണിച്ച ജി.കെ. പിള്ള പ്രേക്ഷകരെപ്പോലെ സിനിമാപ്രവർത്തകരുടെയും പ്രിയങ്കരനായിരുന്നു. അറുപത്തിയഞ്ച് വർഷക്കാലം നീണ്ടുനിന്ന അഭിനയ യാത്രയിൽ മുന്നൂറ്റി ഇരുപത്തിയഞ്ച് സിനിമകളിൽ അദ്ദേഹമഭിനയിച്ചു.

1954-ൽ റിലീസായ സ്‌നേഹസീമയിൽ സ്‌കൂൾ മാനേജരായ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തെത്തിയത്.

എസ്.എസ്. രാജൻ സംവിധാനം ചെയ്ത സ്‌നേഹസീമയിൽ സത്യനും പത്മിനിയുമായിരുന്നു നായകനും നായികയും.

എല്ലാവരുടെയും

പിള്ള സാർ

സിനിമയിലെ പഴയ തലമുറയും പുതിയ തലമുറയും സ്നേഹാദരങ്ങളോടെ ജി.കെ. പിള്ളയെ വിളിച്ചിരുന്നത് പിള്ള സാറെന്നായിരുന്നു. ആർമിയുടെയും നേവിയുടെയും പശ്ചാത്തലം മാത്രമായിരുന്നില്ല ആഢ്യത്വമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കൂടിയായിരുന്നു അതിന് കാരണം. സിനിമയിൽ ഏറിയപങ്കും വില്ലൻ സ്‌പർശമുള്ള വേഷങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നതെങ്കിലും സിനിമയ്ക്ക് പുറത്ത് അദ്ദേഹം 'പെർഫെക്ട് ജെന്റിൽമാൻ" ആയിരുന്നു.

പതിനാലാം വയസിൽ

സ്വാതന്ത്ര്യസമരത്തിൽ

നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം പതിനാലാം വയസിൽ ജി.കെ. പിള്ള ജാഥയിലും മറ്റും പങ്കെടുത്തിരുന്നത് മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി അദ്ദേഹം നാട് വിട്ടു. ചുറ്റിത്തിരിഞ്ഞ് ചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിലെത്തിയ അദ്ദേഹം യോഗ്യതാ പരിശോധനയിൽ വിജയിച്ചു. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയിലായിരുന്നു ആദ്യ നിയമനം.

പട്ടാള ക്യാമ്പിലെ

അഭിനയ തുടക്കം

പാളയംകോട്ടയിൽ നിന്ന് കോയമ്പത്തൂരിലെ മധുക്കരയിലേക്ക് അദ്ദേഹത്തിന് പോസ്റ്റിംഗ് ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂരിലും ബർമ്മയിലും സുമാത്രയിലും സേവനമനുഷ്ഠിച്ച് തിരികെയെത്തി ഇന്തോ - പാക് യുദ്ധത്തിലും പങ്കെടുത്തു.

ഒടുവിൽ മദ്രാസ് റെജിമെന്റിന്റെ ഉൗട്ടി വില്ലിംഗ്ടണിലെ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് പോസ്റ്റ് ചെയ്തു. അവിടത്തെ സൈനിക ക്യാമ്പിൽ നടന്ന നാടകക്കളരിയിലെ ജി.കെ. പിള്ളയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റി. സഹപ്രവർത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും അദ്ദേഹത്തിന്റെ അഭിനയമോഹം വർദ്ധിപ്പിച്ചു. പതിനഞ്ച് വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെല്ലാം അവഗണിച്ച് തന്റെ സൈനിക സേവനത്തിന്റെ പതിമൂന്നാം വർഷം അഭിനയ മോഹവുമായി ജി.കെ. പിള്ള നാട്ടിലേക്ക് മടങ്ങി.

ഏറെക്കാലത്തെ അലച്ചിലുകൾക്കൊടുവിൽ സ്‌നേഹസീമ എന്ന സിനിമയിൽ അവസരം കിട്ടി.

ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപകയോഹന്നാൻ, പട്ടാഭിഷേകം, നായര് പിടിച്ച പുലിവാല്, കൂടപ്പിറപ്പ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്‌പ്രസ് എന്നിവയാണ് ജി.കെ. പിള്ളയുടെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.

നിമിഷം

അവസാന ചിത്രം

2018ൽ റിലീസായ നിമിഷമാണ് ജി.കെ. പിള്ള അവസാനമായി അഭിനയിച്ച സിനിമ. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ റിലീസാകാനുണ്ട്.

2010ൽ റിലീസായ ദിലീപ് ചിത്രം കാര്യസ്ഥനിലാണ് ഒടുവിൽ അദ്ദേഹത്തിന് ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ലഭിച്ചത്. ദിലീപിന്റെ നൂറാമത്തെ ചിത്രമായ കാര്യസ്ഥനിൽ കാരണവരുടെ വേഷമായിരുന്നു ജി.കെ. പിള്ളയ്ക്ക്.

മിനി സ്‌ക്രീനിലും

തിളങ്ങി

സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ജി.കെ. പിള്ള മിനിസ്‌ക്രീനിലും ഭാഗ്യം പരീക്ഷിച്ചു. 2001ൽ പൊരുത്തം എന്ന മെഗാപരമ്പരയിലൂടെ മിനി സ്‌‌ക്രീനിലെത്തിയ അദ്ദേഹം ഇരുപതോളം പരമ്പരകളിലഭിനയിച്ചു. കുങ്കുമപ്പൂവിലെ കേണൽ ജഗന്നാഥവർമ്മയാണ് മിനിസ്‌‌ക്രീനിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൊന്ന്. ആ കഥാപാത്രത്തിന്റെ മാനറിസങ്ങൾ മിമിക്രിക്കാർ പോലും ആഘോഷമാക്കി.

കുടുംബം

തിരുവനന്തപുരത്ത് വർക്കലയിൽ പെരമ്പാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി 1924 ജൂലായ് 17ന് ആണ് ജി.കെ. പിള്ളയുടെ ജനനം. പരേതയായ ഉല്പലാക്ഷിയമ്മയാണ് ഭാര്യ. കെ. പ്രതാപചന്ദ്രൻ, ശ്രീകല. ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി. ബി. പിള്ള, ചന്ദ്രമോഹനൻ, കെ. പ്രിയദർശൻ എന്നിവരാണ് മക്കൾ.

മകനെ കാത്ത് നില്‌ക്കാതെ

സംസ്‌കാരം

ജി.കെ. പിള്ളയുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് 5.30ന് ഇടവയിലുള്ള വീട്ടുവളപ്പിൽ നടന്നു. സംസ്കാരം ഇന്ന് നടത്താനായിരുന്നു ആദ്യ തീരുമാനം. ജി.കെ. പിള്ളയുടെ മകൻ പ്രതാപചന്ദ്രൻ കുടുംബസമേതം ലണ്ടനിലാണ് താമസം. അദ്ദേഹത്തിന് വേണ്ടിയായിരുന്നു സംസ്കാരം ഒരുദിവസം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ നീട്ടിവയ്ക്കേണ്ടതില്ലെന്ന് കുടുംബാംഗങ്ങൾ ചേർന്ന് തീരുമാനിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GK PILLAI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.