
ബംഗളൂരു: കന്നട നടിയും നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയുമായ സ്‌പന്ദന (35) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം ബാങ്കോക്കിൽ എത്തിയിരുന്നു. ഇവിടെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്‌പന്ദനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ ബംഗളൂരുവിൽ എത്തിക്കും. സ്‌പന്ദനയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബി കെ ശിവറാം അടക്കമുള്ള ബന്ധുക്കൾ ബാങ്കോക്കിലേയ്ക്ക് തിരിച്ചിരിക്കുകയാണ്.
തുളു കുടുംബത്തിൽ ജനിച്ച സ്‌പന്ദന 2016ൽ വി രവിചന്ദ്രന്റെ 'അപൂർവ' എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. ഭർത്താവ് വിജയരാഘവേന്ദ്ര 'ചിന്നാരി മുത്ത' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കന്നട സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ ബന്ധുവാണ് സ്‌പന്ദനയുടെ ഭർത്താവ് വിജയരാഘവേന്ദ്ര. പ്രശസ്‌ത റിയാലിറ്റി ഷോയായ ഡാൻസ് കർണാടക ഡാൻസിന്റെ ജഡ്‌ജാണ് വിജയരാഘവേന്ദ്ര.
ഏറെനാളെത്തെ പ്രണയത്തിനൊടുവിൽ 2007ലാണ് വിജയ രാഘവേന്ദ്രയും സ്‌പന്ദനയും വിവാഹിതരായത്. ഈ മാസം 16ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഇരുവർക്കും ശൗര്യ എന്ന മകനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |