
കൃപാസനത്തെക്കുറിച്ച് സാക്ഷ്യം പറഞ്ഞതിന്റെ പേരിൽ വിവാദത്തിൽപ്പെട്ട നടിയാണ് ധന്യ മേരി വർഗീസ്. താൻ കാശ് വാങ്ങിയല്ല സാക്ഷ്യം പറഞ്ഞതെന്നും നടി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത്തരം വിമർശനങ്ങൾ വന്നെന്ന് കരുതി തന്റെ വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധന്യ.
'സോഷ്യൽ മീഡിയയിൽ ആർക്കും ആരെയും കുറ്റപ്പെടുത്താം. നമുക്കും പേഴ്സണൽ ലൈഫുണ്ട്. ഇത്തരം കമന്റുകൾ നമ്മുടെ മെന്റൽ ഹെൽത്തിനെ ബാധിക്കും. അവർ അത് മനസിലാക്കുന്നില്ല. ഞാൻ എന്റെ വിശ്വാസം പറഞ്ഞു. എന്ത് പറഞ്ഞാലും അതിൽ നിന്ന് മാറില്ല. ചേച്ചി എയറിലാണല്ലോ എന്ന് ചോദിച്ചവരുണ്ട്. കൃപാസനത്തിലെ അച്ചൻ വരെ സമാധാനം പറയേണ്ടിവന്നു. പിന്നെ ഞാൻ അധികം അവിടെ പോയിട്ടില്ല. എന്റെ അമ്മ സ്ഥിരം പോകുന്നുണ്ട്. സുഖമില്ലാത്ത ആളാണ്. എന്നിട്ടും പോയി. വീട്ടിൽ പലരും ആ വിശ്വാസത്തിലേക്ക് കൂടുതൽ അടുത്തു. എനിക്കറിയാവുന്ന ഒത്തിരിപ്പേർ അവിടെ പോയി. ചില ആർട്ടിസ്റ്റുകളും കൃപാസനത്തിൽ പോയി. പക്ഷേ എല്ലാവരും തുറന്നുപറയില്ല.
വിശ്വാസത്തിൽ നിന്ന് ഒരു തരിപോലും മാറിയിട്ടില്ല. പക്ഷേ പോയിക്കഴിഞ്ഞാൽ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്യാനാകില്ല. എന്റെ ടൈമെല്ലാം തെറ്റി. കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. മോൻ ഇപ്പോൾ കൂടെയുണ്ട്. സ്‌കൂൾ അങ്ങനെ ഉത്തരവാദിത്തങ്ങൾ കുറേയുണ്ട്. മൂന്നുമാസമാണ് ഉടമ്പടിയുടെ പിരീഡ്.
ആ മൂന്നുമാസം പ്രാർത്ഥന, സാഹായങ്ങൾ അങ്ങനെ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ മനസ് അതിനുവേണ്ടി ശാന്തമാക്കി വയ്ക്കാൻ പറ്റുന്നില്ല. വീണ്ടും ഉടമ്പടിയെടുക്കാൻ ആഗ്രഹമുണ്ട്. അത് എന്തെങ്കിലും കാരണംവച്ചല്ല. വിശ്വാസത്തിൽ ഉറച്ചുപോകാനും, മനോധൈര്യം കൂട്ടാനുമൊക്കെയാണ്. നമ്മൾ മനുഷ്യരല്ലേ, ഡിപ്രഷനൊക്കെ വരും. ഡിപ്രഷന്റെ മരുന്നിന്റെ കാര്യമൊക്കെ പലരും പറയാറുണ്ട്. എന്റെ മെഡിസിൻ എന്ന് പറഞ്ഞാൽ വിശ്വാസവും പ്രാർത്ഥനയുമാണ്. നല്ല രീതിയിൽ വിശ്വസിച്ച് പ്രാർത്ഥിക്കുന്നവർക്ക് ഒരു പരിധിവരെ മെഡിസിനില്ലാതെ പരിഹരിക്കാനാകും.
ദൈവം നമ്മളെ നോക്കുന്നുണ്ടെന്ന വിശ്വാസം ഉണ്ടായാൽ മതി. പോയിട്ട് നല്ല അനുഭവമുണ്ടായെന്ന് പറഞ്ഞ ഒത്തിരിപേരുണ്ട്. എല്ലാവർക്കും ഒരുപോലെയായിരിക്കില്ല. ഞാൻ ചോദിച്ച എല്ലാ കാര്യങ്ങളും നടന്നെന്ന് പറയുന്നില്ല. പക്ഷേ മനുഷ്യർക്ക് ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങളെല്ലാം കിട്ടി. സാക്ഷ്യം പറഞ്ഞതിന് ശേഷമാണ് മാതാവ് ആയി അഭിനയിച്ച സിനിമ കിട്ടിയത്.'- ധന്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |