
വിവിധഭാഷകളിലായി നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രമാണ് കന്നഡയിലൊരുങ്ങിയ കാന്താര ചാപ്‌റ്റർ വൺ. ചിത്രത്തിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ദൈവചാമുണ്ഡി രംഗങ്ങൾ ഗോവൻചലച്ചിത്രമേളയിൽ പുനരവതരിപ്പിച്ചതിനെത്തുടർന്നുള്ള വിമർശനങ്ങൾക്ക് പിന്നാലെ ക്ഷമാപണവുമായി എത്തിയിരിക്കുയാണ് ബോളിവുഡ് നടൻ രൺവീർ സിംഗ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ക്ഷമാപണം നടത്തിയിരിക്കുന്നത്.
'സിനിമയിലെ ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനത്തെ എടുത്തുകാണിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എത്രമാത്രം പ്രയത്നം ആവശ്യമാണെന്ന് എനിക്കറിയാം, അതിന് അദ്ദേഹത്തിനോട് എനിക്ക് ആരാധനയുണ്ട്. രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു' രൺവീർ കുറിച്ചു.
ചിത്രത്തിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ബെർമെ എന്ന കഥാപാത്രത്തിന്റെ ദേഹത്ത് ദൈവ ചാമുണ്ഡി ആവാഹിക്കുന്ന രംഗമാണ് രൺവീർ താമാശരൂപേണ വേദിയിൽ അവതരിപ്പിച്ചത്. ദൈവത്തിനെ ആവാഹിക്കുന്നതിനെ പ്രേത ബാധയെന്നും രൺവീർ പറഞ്ഞിരുന്നു. ഋഷഭ് ഷെട്ടി വേദിയിലിരിക്കെയായിരുന്നു രൺവീറിന്റെ പ്രകടനം.കടുത്ത രീതിയിലുള്ള വിമർശനങ്ങളാണ് രൺവീറിന് പിന്നീടിങ്ങോട്ട് നേരിടേണ്ടി വന്നത്. മാപ്പ് പറഞ്ഞതിന് ശേഷവും രൺവീറിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ് കാന്താരാ ആരാധകർ.
രൺവീർ മൂന്നാംകിട നടനാണെന്നും നിരന്തരം ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുണ്ടെന്നും ചിലർ വിമർശിക്കുന്നു. രൺവീറിന്റെ അടുത്ത ചിത്രം ബഹിഷ്കരിക്കുമെന്ന് പറയുന്നവരുമുണ്ട്. നിലവിൽ ധുരന്തർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് രൺവീർ സിംഗ്. എന്നാൽ ഇതുവരെയും ഋഷഭ് ഷെട്ടി വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |