വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഓരോ യുവാവും ഒരിക്കലെങ്കിലും കാണേണ്ട സിനിമയാണ് രഞ്ജിത്ത് സജീവ് നായകനായ 'യൂനൈറ്റഡ് കിങ്ഡം ഓഫ് കേരള’ (യു.കെ.ഒ.കെ). അരുൺ വൈഗ സംവിധാനം ചെയ്‌ത് രഞ്ജിത്ത് സജീവ് മുഖ്യ കഥാപാത്രമായി എത്തുന്ന ഈ ചിത്രം, വലിയ സാമൂഹിക പ്രതിബദ്ധതയിലൂടെ ശ്രദ്ധേയം ആകുന്നുണ്ട്.
ഈ ചിത്രം പറയുന്നത് നമ്മുടെ ചുറ്റുപാടുകളിലായുള്ള യഥാർത്ഥ ജീവിതമാണ്. വിദേശപഠനത്തിന് പിന്നിലുള്ള പ്രചോദനങ്ങളും, അതിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന തകർച്ചകളും ഈ ചിത്രത്തിൽ നമുക്ക് കാണാം. റോയിയും മരിയയും തമ്മിലുള്ളബന്ധമാണ് ഈ ചിത്രത്തിന്റെ കഥയുടെ ആസ്പദം. റോയിയുടെ പ്രണയമായിരുന്ന അന്നമ്മയുടെ ജീവിതത്തിൽ മരിയയുടെ വരവോടെയാണ് കഥയ്‌ക്ക് മറ്റൊരു മുഖം വരുന്നത്. യുകെയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന മരിയയെ വിവാഹം കഴിക്കേണ്ടിവരുന്ന റോയിയുടെ ജീവിതം പിന്നീട് വഴിമാറുന്നു. വിവാഹശേഷം മരിയ യുകെയിലേക്ക് യാത്രതിരിക്കുകയും, ശേഷം റോയ് മകനെ യുകെയിലേക്ക് വിടാനുള്ള ശ്രമവും ആരംഭിക്കുന്നു.
ചിത്രത്തിന്റെ രണ്ടാം പകുതി, മകനെ യുകെയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന റോയിയുടെ യാത്രയെയാണ് കാണിക്കുന്നത്. അതിലൂടെ, ഒരു കുടുംബത്തിന്റെ വികാരങ്ങളും വേര്‍പാടുകളും, ഒരു പിതാവിന്റെ ആത്മസമർപ്പണവും പ്രേക്ഷകർക്ക് കാണാം. യുകെയിലേക്ക് മകന് പോകാൻ ആഗ്രഹിക്കുന്നില്ല എന്നറിയുന്നിടത്തുള്ള റോയിയുടെ പ്രകടനം ജോണി അന്റണി മികച്ചതാക്കിയിട്ടുണ്ട്.
ജോണി ആന്റണിയെയും രഞ്ജിത്ത് സജീവനെയും കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൻസ് പുത്രൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെയും പൂയപ്പള്ളി ഫിലിംസിന്റെയും ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
'യു.കെ.ഒ.കെ' എന്ന സിനിമ ഒരു വിനോദ ചിത്രത്തിനപ്പുറം ഇത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ യുവജനങ്ങളുടെ യാഥാർഥ്യങ്ങളിലേക്ക് കണ്ണോടിക്കുന്ന കാഴ്ചയാണ്. വിദേശത്തിൽ പഠിക്കുന്നവരുടെ വലിയ ഭാഗം അനുഭവിക്കുന്ന സങ്കടങ്ങൾ, ബന്ധങ്ങളുടെ വേര്‍പാടുകൾ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ എന്നിവയെല്ലാം ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.
വിദേശപഠനം ഒരു സ്വപ്നമാവുമ്പോഴും, അതിന് പിന്നിലുള്ള യാഥാർത്ഥ്യങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ നോക്കിയാൽ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' അതിനുള്ള ഒരു കണ്ണാടി ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |