പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ നേടുന്ന വിജയം കണ്ട് അത്ഭുതപ്പെടുകയാണ് തമിഴ് സിനിമാലോകവും താരങ്ങളും. സംവിധായകൻ കൂടിയായ പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രമായ ഡ്രാഗൺ റിലീസ് ചെയ്തു മൂന്നാം നാൾ 50 കോടി കളക്ഷൻ ആഗോളതലത്തിൽ നേടി. തമിഴ്നാട്ടിൽ നിന്നു മാത്രം 25 കോടി നേടിയ ചിത്രം കേരളത്തിലും പ്രേക്ഷക സ്വീകാര്യത നേടുന്നു.തമിഴിലെ പുതിയ സൂപ്പർ താരമാണ് പ്രദീപ് രംഗനാഥനെന്ന് സോഷ്യൽ മീഡിയ.
ഡ്രാഗൺ ഒരു വിജയ സിനിമയാണെന്നും അവസാന 20 മിനിട്ട് തന്റെ കണ്ണുനിറച്ചുവെന്നും സംവിധായകൻ ഷങ്കർ അഭിപ്രായപ്പെട്ടു. സംവിധായകൻ അശ്വത് മാരിമുത്തു, പ്രദീപ് രംഗനാഥൻ എന്നിവരെയും മറ്ര് അണിയറ പ്രവർത്തകരെയും പ്രശംസിക്കുകയും ചെയ്തു. ഷങ്കർ സിനിമകൾ കണ്ടുവളർന്ന ഒരു പയ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽനിന്നു ലഭിച്ച വാക്കുകൾ സ്വപ്നതുല്യം എന്ന് പ്രദീപ് കുറിച്ചു. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ഡ്രാഗണിൽ മലയാളി താരം അനുപമ പരമേശ്വരൻ ആണ് നായിക. കയാദു ലോഹർ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, കെ.എസ്. രവികുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അജിത്ത് ചിത്രമായ വിടാമുയർച്ചിയോടൊപ്പം ഫെബ്രുവരി 6ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് റിലീസ് നീട്ടുകയായിരുന്നു. ഫെബ്രുവരി 6ന് റിലീസ് ചെയ്തിരുന്നെങ്കിൽ വിടാമുയർച്ചിയുടെ അവസ്ഥ എന്താകുമെന്ന് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നു. രവി മോഹൻ നായകനായ കോമാളി എന്ന ചിത്രം സംവിധാനം ചെയ്താണ് യൂട്യൂബറായ പ്രദീപ് രംഗനാഥന്റെ രംഗപ്രവേശം. ലൗ ടുഡേ എന്ന ചിത്രത്തിലൂടെ നായകനായി.
100 കോടി ക്ളബിൽ ഇടംപിടിക്കുകയും ചെയ്തു. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനായി അരങ്ങേറ്റം കുറിച്ച ലവ്യാപയുടെ നിർമ്മാതാവാണ് പ്രദീപ്.
ലൗ ടു ഡേയുടെ ഹിന്ദി റീമേക്കാണ് ലവ്യാപ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ ആണ് പ്രദീപ് രംഗനാഥന്റെ പുതിയ ചിത്രം. റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കൃതി ഷെട്ടി ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |