ബോളിവുഡ് സിനിമകളെ വിമർശിച്ചും ദക്ഷിണേന്ത്യൻ സിനിമകളെ പുകഴ്ത്തിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. ബോളിവുഡ് സിനിമകൾ ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് അകന്നുപോകുന്നുവെന്നും അതേ സമയം ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളെ കാത്തു സൂക്ഷിക്കുന്നുവെന്നും നടൻ പറഞ്ഞു. ഓർഗനൈസർ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
'ഒരുകാലത്ത് ബോളിവുഡ് സിനിമകൾ ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്നും അകന്നു പോകുകയാണുണ്ടായത്. ആഗോളവൽക്കരണത്തെ സ്വീകരിച്ചുകൊണ്ട് ബോളിവുഡ് അതിന്റെ സാംസ്കാരിക സ്വത്വത്തെ അപഹരിച്ചു. അതിന്റെ ഫലമായി പിന്നീട് ആധികാരികത ഇല്ലാത്ത സിനിമകളാണ് ബോളിവുഡിൽ ഉണ്ടായത്. സാംസ്കാരികമായി വേരൂന്നിയ കഥാപാത്രങ്ങളെ പലപ്പോഴും കോമാളിയായിട്ടാണ് ബോളിവുഡ് സിനിമകളിൽ അവതരിപ്പിക്കുന്നത്'. താരം പ്രസ്താവിച്ചു.
എന്നാൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകൾ ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സിനിമകൾ വാണിജ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യൻ പാരമ്പര്യങ്ങളോടും മൂല്യങ്ങളോടും വിശ്വസ്തത പുലർത്തുന്നു'. പവൻ കല്ല്യാൺ പറഞ്ഞു. ബോളിവുഡ് ഇന്ത്യൻ സംസ്കാരത്തെ ഫലപ്രദമായി പ്രതിനിധീകരിച്ചിരുന്നതിന് ഉദാഹരണമായി ആമിർ ഖാന്റെ "ദംഗൽ" എന്ന സിനിമയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കിടയിലും, പവൻ കല്യാൺ ഇപ്പോഴും സിനിമാ ജീവിതത്തിലും സജീവമായി തുടരുന്നു. പീരിയഡ് ആക്ഷൻ ഡ്രാമ 'ഹരി ഹര വീര മല്ലു', ഗ്യാങ്സ്റ്റർ ഡ്രാമ 'ദെ കോൾ ഹിം ഒജി' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. ഉസ്താദ് ഭഗത് സിംഗ്' എന്ന പൊലീസ് ഡ്രാമയിലാണ് നിലവിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |