ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് പ്രധാനവേഷത്തിൽ അഭിനയിക്കുന്ന'കൂലി' സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. ആഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തും. ദേവ എന്ന മുൻ ഗാങ് ലീഡറെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. നാഗാർജുന, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ, ഉപേന്ദ്ര, ആമിർ ഖാൻ, സൗബിൻ സാഹിർ എന്നിവർ ഉൾപ്പടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഇപ്പോഴിതാ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മലയാളിയായ നടൻ സൗബിൻ ഷാഹിറിനെക്കുറിച്ചും ബോളിവുഡ് സൂപ്പർസ്റ്റാർ അമിർഖാനെക്കുറിച്ചും രജനികാന്ത് നടത്തിയ പരാമർശമാണ് ചർച്ചയായത്. ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെ സൗബിൻ എങ്ങനെയാണ് ചിത്രത്തിൽ എത്തിയതെന്ന് രജനികാന്ത് പറയുന്നുണ്ട്.
'ആദ്യം ഫഹദ് ഫാസിലിനെയാണ് ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ അദ്ദേഹത്തിന് മറ്റ് തിരക്കുകളുള്ളതിനാൽ അത് നടന്നില്ല. പകരം ലോകേഷാണ് സൗബിനെ തിരഞ്ഞെടുത്തത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ സൗബിനുണ്ടെന്ന് ലോകേഷ് പറഞ്ഞു. പക്ഷേ കൂലിയിലെ ഈ കഥാപാത്രത്തിന് അദ്ദേഹം യോഗ്യനാണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. കഷണ്ടിയൊക്കെയുള്ള ആളല്ലേ വേണോയെന്ന് ഞാൻ സംശയം പ്രകടിപ്പിച്ചു. പക്ഷേ ലോകേഷിന് കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നു. പക്ഷേ സൗബിന്റെ അഭിനയം കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്തൊരു ആക്ടറാണ്'- എന്നാണ് രജനികാന്ത് പറഞ്ഞത്.
'ചിത്രത്തിലെ അതിഥി വേഷത്തിലാണ് ആമിർഖാൻ എത്തുന്നത്. ആമിർഖാൻ ആണെന്ന് കേട്ടപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ല. അദ്ദേഹം ഒരു സ്ക്രിപ്റ്റ് വായിച്ച് ഓക്കെ പറയാൻ തന്നെ രണ്ട് വർഷം എടുക്കും. അപ്പോൾ ഈ സിനിമയ്ക്ക് എത്ര വേണ്ടിവരും. ഇവിടത്തെ കമൽഹാസനാണ് നോർത്തിലെ ആമിർഖാൻ. ഒരു വശത്ത് സൽമാൻ ഖാൻ മറുവശത്ത് ഷാരൂഖ് ഖാൻ എന്നിവർ നിൽക്കുമ്പോൾ അതിനിടയ്ക്ക് കുള്ളനായ ആമിർഖാനും നിൽക്കുന്നു. മികച്ച നടനാണ് അദ്ദേഹം'- രജനികാന്ത് പറഞ്ഞു. സംസാരിത്തിനിടെ കടന്നുവന്ന കഷണ്ടി, കുള്ളൻ എന്ന വാക്കുകളാണ് താരത്തിന് ഇപ്പോൾ വിനയായത്. ഈ വാക്കുകൾ രജനികാന്തിന് ഒഴിവാക്കാമായിരുന്നുവെന്നാണ് സിനിമപ്രേമികൾ അഭിപ്രായപ്പെടുന്നത്. രജനികാന്തിനെ പോലെ ഒരാൾ ഇങ്ങനെ സംസാരിക്കാൻ പാടില്ലെന്നും പലരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |