നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായ നടനാണ് മുകുന്ദൻ. മെഗാസ്റ്റാർ മമ്മൂട്ടിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മമ്മൂട്ടി നിർമിച്ച ജ്വാലയായ് എന്ന സീരിയലിലെ നായകനായിട്ട് മുകുന്ദനായിരുന്നു അഭിനയിച്ചിരുന്നത്. മാത്രമല്ല വർഷങ്ങൾക്ക് മുമ്പ് മിനിസ്‌ക്രീനിലെ മോഹൻലാൽ എന്ന് മമ്മൂട്ടി മുകുന്ദനെ വിശേഷിപ്പിച്ചിരുന്നു.
മമ്മൂട്ടി തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുകുന്ദനിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കൊവിഡ് സമയത്ത് ഒരുപാട് താരങ്ങൾ എന്നെ വിളിച്ചിട്ടുണ്ട്. ലാലേട്ടനടക്കമുള്ളവർ വിളിച്ചു. പക്ഷേ ഏറ്റവും കൂടുതൽ എന്നോട് സംസാരിച്ചത് മമ്മൂക്കയാണ്. നീ പുറത്തൊന്നും ഇറങ്ങരുത്, വീട്ടിലിരിക്കണമെന്നൊക്കെ പറഞ്ഞു. നമ്മളോടുള്ള സ്‌നേഹം കൊണ്ടാണ്. അല്ലാതെ അദ്ദേഹത്തിന്റെ വിലയേറിയ സമയം വെറുതെ സംസാരിച്ചുകളയുകയല്ല. ആ സ്‌നേഹം നമ്മൾ തിരിച്ചറിയണം. അപ്പോൾ എന്താണ് തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ സമയത്തെക്കുറിച്ച് നമുക്ക് ബോധമുണ്ടാകണം. വെറുതെ വിളിച്ച് ശല്യം ചെയ്യരുത്. അത്യാവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി. പക്ഷേ എപ്പോൾ വേണമെങ്കിലും നമുക്ക് മെസേജ് അയക്കാം. എപ്പോൾ അയച്ചാലും പുള്ളി മറുപടി നൽകും. ആ കാണിക്കുന്നത് തന്നെ വലിയ കാര്യമാണ്.
ജ്വാലയായ് സീരിയലിന്റെ സെറ്റിൽ, എല്ലാ നൂറ് എപ്പിസോഡിലും അദ്ദേഹം വരുമായിരുന്നു. ഉച്ചയ്ക്ക് ഞങ്ങളോടൊപ്പമിരുന്ന് ഊണ് കഴിക്കുകയും ചെയ്യുമായിരുന്നു. വേറെ രസമുള്ളൊരു കാര്യമുണ്ട്. മമ്മൂക്ക ഡ്രസിനൊക്കെ വളരെ പ്രാധാന്യം നൽകുന്നയാളാണ്. ഹരിഹരൻ സാറാണ് സീരിയലിന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. കുറച്ച് എപിസോഡുകൾ കഴിഞ്ഞപ്പോൾ അദ്ദേഹം സാറിനെ വിളിച്ച് മുകുന്ദനൊക്കെ ഒരേ ഷർട്ടാണല്ലോ ഇടുന്നതെന്ന് ചോദിച്ചു. പത്ത് മുപ്പത് ഷർട്ട് അവർ ഉപയോഗിക്കുന്നുണ്ട്. അതൊക്കെ അവരുടെ സ്വന്തം ഷർട്ടുകളാണെന്ന് അദ്ദേഹം മമ്മൂക്കയോട് പറഞ്ഞു. അങ്ങനെയൊരു പ്രശ്നമുണ്ടല്ലേ എന്ന് മമ്മൂക്ക ചോദിച്ചു. തുടർന്ന് ഉടൻ മമ്മൂക്ക വീട്ടിലേക്ക് വിളിച്ചു.
ഉടൻ തന്നെ ചെന്നൈയിൽ നിന്ന് ഇരുപത് ഷർട്ട് കൊടുത്തുവിടാനായിരുന്നു പറഞ്ഞത്. ഏറ്റവും ബെസ്റ്റ് ഷർട്ടായിരുന്നു. സീരിയൽ ലൈഫിൽ ഏറ്റവും മികച്ച ഷർട്ട് ഇട്ടത് അപ്പോഴായിരുന്നു. അദ്ദേഹത്തിന്റെ സെൻസ് അറിയാവുന്നതുകൊണ്ട് ഭാര്യയുടെ നിർദേശപ്രകാരം അവിടത്തെ കോസ്റ്റിയൂമറോ ആരോ പോയി എനിക്ക് കറക്ടായ ഡ്രസ് കൊണ്ടുവന്നു. അവിടയൊക്കെ അദ്ദേഹത്തിന്റെ കെയറിംഗ് ആണ് കാണുന്നത്. നമുക്ക് അത്രയേ ഷർട്ട് വാങ്ങാനാകുകയുള്ളൂ. അതറിയാവുന്നതുകൊണ്ടാണ് മമ്മൂക്ക അങ്ങനെ ചെയ്തത്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |