ന്യൂഡൽഹി: വെടിനിർത്തൽ ധാരണ ലംഘിച്ച് കഴിഞ്ഞദിവസം പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടൻ ഹൃതിക് റോഷന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'ലക്ഷ്യയിലെ' ഒരു രംഗം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വിഖ്യാത നടൻ ഓംപുരിയും ഹൃതിക് റോഷനും തമ്മിലെ ചിത്രത്തിലെ ഒരു സംഭാഷണമാണ് വൈറലാവുന്നത്.
ചിത്രത്തിൽ ഓംപുരി മേജർ പ്രീതം സിംഗ് എന്ന കഥാപാത്രത്തെയും ഹൃതിക് കരൺ ഷെർഗിൽ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. 'എനിക്ക് ഈ ആളുകളുമായി പരിചയമുണ്ട്. പാകിസ്ഥാൻ പരാജയപ്പെടുകയാണെങ്കിൽ അവർ വീണ്ടും വരും. നീ വിജയിക്കുകയാണെങ്കിൽ പെട്ടെന്ന് അശ്രദ്ധനാവരുത്. എന്റെ വാക്കുകൾ എപ്പോഴും ഓർക്കണം' - എന്നാണ് ഓംപുരിയുടെ കഥാപാത്രം പറയുന്നത്. ഇതിന് 'ഞാൻ ഓർക്കും' എന്നാണ് കരൺ ഷെർഗിൽ മറുപടി നൽകുന്നത്.
വെടിനിർത്തലിന് ധാരണയായതായി കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ജമ്മു, രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിൽ പാക് സേന ഡ്രോൺ, ഷെൽ ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിലെ നഗ്രോത്തയിൽ സൈനിക കേന്ദ്രത്തിനുനേർക്കും പാക് ആക്രമണമുണ്ടായി. ശക്തമായി അപലപിച്ച ഇന്ത്യ കനത്ത മറുപടി നൽകാൻ സേനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയിലെ രംഗം വ്യാപകമായി പ്രചരിക്കുന്നത്.
'പാകിസ്ഥാൻ എന്ന പാമ്പിനെ ഒരിക്കലും വിശ്വസിക്കരുത്- ലക്ഷ്യ സിനിമയിലെ സംഭാഷണം', 'വെടിനിർത്തൽ ശരിതന്നെ, എന്നാൽ ഓംപുരിയുടെ വാക്കുകൾ മറക്കരുത്'- 'സിനിമയിലെ ഡയലോഗ് ആണെങ്കിലും യഥാർത്ഥമായ സന്ദേശം' എന്നിങ്ങനെയുള്ള കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |