രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രത്തിലൂടെ മലയാളി ആരാധകരെ സ്വന്തമാക്കിയ കന്നട സൂപ്പർതാരമാണ് ശിവണ്ണ എന്ന ശിവ രാജ്‌കുമാർ. 'കരുനാട ചക്രവർത്തി' എന്ന് അറിയപ്പെടുന്ന താരം 140ൽ അധികം ചിത്രങ്ങളിലാണ് നായകനായി വേഷമിട്ടത്. ഇപ്പോഴിതാ 'ഉലകനായകൻ' കമൽഹാസനോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'കമൽഹാസന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ട്. ആരെങ്കിലും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് കുറ്റം പറഞ്ഞാൽ ഞാൻ അവരുമായി തർക്കിക്കും. അദ്ദേഹത്തെക്കുറിച്ച് കുറ്റം പറയുന്നത് എനിക്കിഷ്‌ടമില്ല. ഒരുതവണ അദ്ദേഹത്തെ നേരിട്ടുകാണാൻ അവസരം ലഭിച്ചിരുന്നു. അന്ന് അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. വീട്ടിലെത്തി അച്ഛനോട് അഭിമാനത്തോടെ വിവരം പറഞ്ഞു. കമൽഹാസൻ കെട്ടിപ്പിടിച്ചതിനുശേഷം മൂന്നുദിവസം ഞാൻ കുളിക്കാതെ ഇരുന്നിട്ടുണ്ട്. കമൽ സാറിന്റെ മണം എന്നെവിട്ടുപോകരുതെന്ന ചിന്തയായിരുന്നു അന്ന്. എനിക്ക് ക്യാൻസർ പിടിപെട്ടപ്പോൾ സിനിമാലോകത്തുനിന്ന് ആദ്യം വിളിച്ചത് കമൽഹാസനാണ്. അദ്ദേഹം സുഖവിവരങ്ങൾ തിരക്കി. ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളിലൊന്നായിരുന്നു അത്'- ശിവ രാജ്‌കുമാർ പറഞ്ഞു. കമൽഹാസൻ നായകനായെത്തുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽഹാസൻ- മണിരത്നം ചിത്രമാണ് തഗ് ലൈഫ്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |