ലീഡ്-
അജയന്റെ രണ്ടാം മോഷണം
ചെറുവത്തൂരിൽ പുരോഗമിക്കുന്നു
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ തെന്നിന്ത്യൻതാരം സത്യരാജ് പ്രതിനായകൻ . ചെറുവത്തൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സത്യരാജ് അടുത്ത ദിവസം ജോയിൻ ചെയ്യും.
ഇടവേളയ്ക്കുശേഷം സത്യരാജ് അഭിനയിക്കുന്ന മലയാള ചിത്രമാണ്. ദിലീപ് ചിത്രം ആഗതനിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മോഹൻലാൽ ചിത്രം ലൈല ഒ ലൈല ആണ് അവസാനമായി അഭിനയിച്ച മലയാള സിനിമ.ശക്തമായ വില്ലൻ കഥാപാത്രമാണ് അജയന്റെ രണ്ടാം മോഷണത്തിൽ സത്യരാജിനെ കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ കൃതി ഷെട്ടി,െഎശ്വര്യ രാജേഷ് എന്നിവരും സുരഭി ലക്ഷമിയുമാണ് നായികമാർ.
കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ത്രിമാന പാൻ ഇന്ത്യൻ ചിത്രം കടന്നു പോകുന്നത്.
മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, സുധീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, രോഹിണി എന്നിവരാണ് മറ്റ് താരങ്ങൾ.
രചന സുജിത് നമ്പ്യാർ .ഛായാഗ്രഹണം ജോമോൻ ടി. ജോൺ .തമിഴകത്തെ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം . പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമാണം.പി.ആർ. ഒ പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |