സിനിമയാണ് പഠിച്ചതെന്നും അതിലേയ്ക്ക് വരാനാണ് ഉദ്ദേശിച്ചിരുന്നതെന്നും സന്തോഷ് ജോർജ് കുളങ്ങര. പിന്നീട് ടെലിവിഷനിലേയ്ക്ക് തിരിയുകയായിരുന്നു. വ്യത്യസ്തയെന്ന നിലയിൽ യാത്രയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നുവെന്നും സന്തോഷ് ജോർജ് വെളിപ്പെടുത്തി. ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണവുമായി ബന്ധപ്പെട്ട് നടനൊപ്പം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചന്ദ്രയാൻ എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സയൻസ് ഫിക്ഷൻ സിനിമയാണത്. ഇംഗ്ളീഷിലായിരുന്നു സിനിമ ചെയ്തത്. യാത്ര തന്നെ തൊഴിലായി മാറുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. യാത്ര ചെയ്യുന്നത് രസമാണ്. പക്ഷേ അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ബുദ്ധിമുട്ട്'- സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി.
തനിക്ക് തന്നെതന്നെ വിൽക്കാനുള്ള സ്ഥലമായി സമൂഹമാദ്ധ്യമങ്ങൾ മാറിയെന്നും സന്തോഷ് ജോർജ് പറഞ്ഞു. 'എന്റെ ഉത്‌പന്നമോ സേവനമോ വിൽക്കാനുള്ള സ്ഥലമായി മാറി. അഞ്ചാം ക്ളാസുകാരനായ കുട്ടിയെയും എംബിബിഎസുകാരനായ ആളെയും ഒരുമിച്ചിരുത്തി അനാട്ടമി പഠിപ്പിക്കുന്നത് പോലെയാണ് സോഷ്യൽ മീഡിയ ഉപഭോഗം. ഇരുവർക്കും മനസിലാകുന്നത് രണ്ട് കാര്യങ്ങളായിരിക്കും. എംബിബിഎസുകാരൻ പ്രതികരിക്കില്ല, എന്നാൽ അഞ്ചാം ക്ളാസുകാരൻ പ്രതികരിക്കും, അതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കുമ്പോൾ അഞ്ചാം ക്ളാസുകാരന്റെ ലെവലിൽ പ്രതികരിക്കണം'- അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ കാര്യങ്ങൾക്കുമെതിരെ ആളുകൾ സംഘടിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിലൂടെയായിരിക്കുമെന്ന് തുടക്കകാലത്ത് കരുതിയിരുന്നുവെന്ന് ടൊവിനോയും പറഞ്ഞു. ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം മുതലുള്ളവർക്ക് അത്തരത്തിൽ ഉപയോഗിക്കാൻ പറ്റുമായിരുന്ന പ്ളാറ്റ്‌ഫോം തന്നെയായിരുന്നു അത്. സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്ന് കരുതിയിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിച്ചതെന്നും നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |