കേന്ദ്ര സർവീസിലെ 337 വ്യത്യസ്ത തസ്തികകളിൽ 2065 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസും ഹയർ സെക്കൻഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകൾ നേടിയവർക്ക് അപേക്ഷിക്കാം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരളകർണാടക റീജണിൽ 48 ഒഴിവാണുള്ളത്. പരീക്ഷ ഓഗസ്റ്റിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .
പ്രായപരിധി
പ്രായം 18 മുതൽ 30 വരെ. ഇത് തസ്തികകൾക്കനുസരിച്ച് വ്യത്യാസമുണ്ട്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ വിഭാഗത്തിന് 10 വർഷം, എസ്.സി., എസ്.ടി.15 വർഷം, ഒ.ബി.സി. 13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.40 വയസുവരെ) അപേക്ഷിക്കാം.
പരീക്ഷ എഴുതാം
കമ്പ്യൂട്ടർ പരീക്ഷവഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പത്താംക്ലാസ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ യോഗ്യതയ്ക്കനുസരിച്ച് മൂന്ന് പരീക്ഷകളാണ് നടത്തുക. ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. ആകെ 200 മാർക്കിനാണ് പരീക്ഷ. ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് അര മാർക്ക് നെഗറ്റീവുണ്ടാകും. സമയവും മാർക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതോടൊപ്പമുള്ള പട്ടികയിൽ. ചോദ്യങ്ങൾ വരാവുന്ന മേഖലകൾ ഉൾപ്പെടെ സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾwww.ssc.nic.in ലഭ്യമാണ്. ജനറൽ35 ശതമാനം, ഒ.ബി.സി./ ഇ.ഡബ്ല്യു.എസ്. 30 ശതമാനം, മറ്റ് വിഭാഗങ്ങൾ 25 ശതമാനം എന്നിങ്ങനെ മാർക്ക് നേടിയാലേ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.
അപേക്ഷ ഇങ്ങനെ
www.ssc.nic.in വഴി അപേക്ഷിക്കാം. അപേക്ഷിച്ചശേഷം, പിന്നീടുള്ള ആവശ്യത്തിനായി അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിച്ചുവെക്കണം. പരീക്ഷയ്ക്കുശേഷം കമ്മിഷൻ ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം ഇതും സമർപ്പിക്കേണ്ടിവരും. അവസാന തീയതി: ജൂൺ 13 ആണ്. അപേക്ഷ തിരുത്താൻ സമയം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |