
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. 14 ദിവസത്തേക്കാണ് കേസിലെ മുഖ്യ ആസൂത്രകനെന്ന് എസ്എടി കണ്ടെത്തിയ പത്മകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നിലവില്‍ കേസിലെ പ്രതികളില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത് പത്മകുമാര്‍ ആണെന്നും എസ്ഐടി വ്യക്തമാക്കുന്നു.
അതേസമയം, പത്മകുമാറിന്റെ മൊഴിയുടെ ചില വിശദാംശങ്ങളും ഇപ്പോള്‍ പുറത്ത് വരു്ന്നുണ്ട്. എന്‍ വാസുവിനേയും ഉദ്യോഗസ്ഥരേയും പഴിചാരിയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ പത്മകുമാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയതെന്നും ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചതെന്നും പത്മകുമാര്‍ പറയുന്നു. പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയും കേസിലെ മറ്റ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായ പ്രതികളും പ്രവര്‍ത്തിച്ചത് പത്മകുമാറിന്റെ തിരക്കഥയനുസരിച്ചാണ് എന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ പത്മകുമാര്‍ ചാരി നില്‍ക്കുന്നതായുള്ള 2019 മേയ് മാസത്തിലെ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിലാണ് നടന്നത്. സ്വര്‍ണക്കൊള്ളയിലൂടെ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.കൊല്ലം വിജിലന്‍സ് കോടതിയിലാകും ഇനി കേസുമായി ബന്ധപ്പെട്ട നടപടികള്‍ കൈകാര്യം ചെയ്യുക. നിലവില്‍ പത്മകുമാര്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണുള്ളത്. അല്‍പ സമയത്തിനകം പത്മകുമാറിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് വൈദ്യ പരിശോധന നടത്തും. ശേഷം കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |