
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് വർഗീയതയില്ലെന്നും, താൻ സാമൂഹിക സത്യങ്ങളാണ് തുറന്നു പറയുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരിക്കലും മതവികാരം ഇളക്കിവിട്ട് മുതലാക്കുന്ന സ്വഭാവം എസ്.എൻ.ഡി.പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ നടത്തിയ മെരിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും ചടങ്ങ് തുമ്പോളി എസ്.എൻ ഗുരുമന്ദിര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ആദ്യം രംഗത്തിറങ്ങിയത് എസ്.എൻ.ഡി.പിയാണ്. നിലക്കലിൽ ക്രിസ്ത്യൻ പള്ളി വേണമെന്ന് ആവശ്യമുയർന്നപ്പോൾ അനുകൂല പ്രമേയം പാസാക്കിയത് എസ്.എൻ.ഡി.പി മാത്രമാണ്. എല്ലാവർക്കും വേണ്ടി ശബ്ദിച്ചിട്ടും, ഈഴവ സമുദായത്തിന് ഒന്നും ലഭിക്കാതെ വരുമ്പോഴാണ് പലതും തുറന്നു പറയുന്നത്. അതോടെ തന്നെ വർഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അധികാര സ്ഥാനത്ത് അധസ്ഥിതരും വരണ്ടേ? താൻ സാമൂഹിക നീതിയാണ് ചോദിക്കുന്നത്. ഇരിക്കുന്ന കസേരയോട് നീതി പുലർത്തി സമുദായത്തിന് വേണ്ടി സംസാരിക്കുകയാണ് ചെയ്തത്. കേരളത്തിലെ സർവകലാശാലകളിൽ ഒന്നിൽ പോലും അധികാര സ്ഥാനത്ത് ഈഴവരില്ല. സംസ്ഥാനത്തെ ഒമ്പത് എം.പിമാരിൽ ഒറ്റ പിന്നാക്ക പട്ടികജാതി വിഭാഗക്കാരില്ല. അത്തരക്കാരെ നോമിനേറ്റ് പോലും ചെയ്തില്ല. മുസ്ലീം ലീഗ് വിഷം തുപ്പുന്ന വർഗീയവാദികളാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |