പൊന്നാനി: ദേശീയ പാതയിൽ പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ച കമ്പികൾ ശരീരത്തിൽ തുളഞ്ഞ് കയറി രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കുമേറ്റു. വെളിയങ്കോട് സ്വദേശി പള്ളിത്താഴത്ത് ഷിഹാബിന്റെ മകൻ ആഷിക് (22), ഷിഹാബിന്റെ സഹോദരി ഷാഹിദയുടെ മകൻ പൊന്നാനി വളവ് മാട്ടേരി ഫാസിൽ (19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന നൈസൽ (20) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊന്നാനി വെളിയങ്കോടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് വരുകയായിരുന്നു മൂവരും. ചാവക്കാട് -പൊന്നാനി ദേശീയ പാതയിൽ വെളിയങ്കോട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിയുകയും തുടർന്ന് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അഞ്ച് മിനിറ്റോളം റോഡിൽ കിടന്ന ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് തെരുവ് വിളക്കുകളില്ല. ശക്തമായ മഴയും ഉണ്ടായിരുന്നു.
ആഷിക് സംഭവസ്ഥലത്തും ഫാസിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. ജന്മദിനത്തിന്റെ തലേദിവസമാണ് ആഷികിന്റെ വേർപാട്. ആഷിക്കിന്റെ ഖബറടക്കം വെളിയങ്കോട് കോയസ്സൻമരക്കാർ പള്ളി ഖബർസ്ഥാനിലും ഫാസിലിന്റേത് പൊന്നാനി കറുകത്തിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടന്നു. പ്ലസ്ടു വിദ്യാർത്ഥിയാണ് ഫാസിൽ.ഷരീഫ് ആണ് പിതാവ്.ഹസീനയാണ് ആഷിഖിന്റെ മാതാവ്.
നേരത്തെ വെളിയങ്കോട് സ്വദേശിയായ യൂസഫ് എന്ന യുവാവ് ദേശീയപാതാ നിർമാണത്തിനായി ഉപയോഗിക്കുന്ന കമ്പി തറച്ചു കയറി മരണപ്പെട്ടിരുന്നു. കരാർ ഏറ്റെടുത്ത കമ്പനികൾ പലപ്പോഴും ഭാഗികമായി പണി പൂർത്തിയാക്കുന്നതിനാൽ കമ്പിയും കുഴികളും മെറ്റലും റോഡിൽ പലയിടത്തും കിടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |