
കൊച്ചി: മേയർ സ്ഥാനത്തിൽ നിന്ന് തഴയപ്പെട്ട ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്‌സണാക്കാമെന്ന് നേതൃത്വത്തിന്റെ ഉറപ്പ്. ദീപ്തി മേരി അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താൻ മത്സരിച്ചതെന്നും ജയിച്ചാൽ മേയറാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന് ആരോപിച്ച് ദീപ്തി മേരി കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയെന്ന വിവരമുണ്ട്.
കൊച്ചി കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ടേം വ്യവസ്ഥയിൽ എ, ഐ ഗ്രൂപ്പുകൾ പങ്കിടാനാണ് കോൺഗ്രസിൽ ധാരണയായിരിക്കുന്നത്. ആദ്യ രണ്ടര വർഷം ഐ ഗ്രൂപ്പിന്റെ വി.കെ. മിനിമോൾ മേയറാകും. ഇക്കാലയളവിൽ എ ഗ്രൂപ്പിന്റെ ദീപക് ജോയി ഡെപ്യൂട്ടി മേയർ. തുടർന്ന് എ ഗ്രൂപ്പിലെ ഷൈനി മാത്യു മേയറും ഐ ഗ്രൂപ്പിലെ കെ.വി.പി. കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറുമാകും. മാരത്തൺ ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് തീരുമാനം.
മേയർ സ്ഥാനത്തിന് ലത്തീൻസഭ പിടിമുറുക്കിയതാണ് ദീപ്തിക്ക് തിരിച്ചടിയായത്. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് മിനിമോൾ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഷൈനി മാത്യു. കോൺഗ്രസ് കൗൺസിലർമാരിൽ അധികവും എ ഗ്രൂപ്പിനൊപ്പമുള്ളവരാണ്. ഈ സാഹചര്യത്തിൽ സഭയ്ക്ക് താത്പര്യക്കുറവുള്ള ദീപ്തിയെ മേയറാക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഐ ഗ്രൂപ്പ് മിനിമോളിലേക്ക് എത്തിയതെന്നാണ് വിവരം. മേയറെ നിശ്ചയിച്ചത് കെ.പി.സി.സി മാനദണ്ഡങ്ങൾ മറികടന്നാണ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇതിനായി പ്രവർത്തിച്ചു. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ദീപ്തി അനുകൂലികൾ ആരോപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |